കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റോഡിന് നടുവില്‍ നിന്ന് ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാനോ അവരെ പിന്തുടരാനോ പാടില്ല, ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം നിയമലംഘകരെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇത്തരത്തില്‍ വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ട മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രണ്ടത്താണി ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ഒരു ഓഫീസറെ ഇടിക്കുകയും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് വാഹന പരിശോധനയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഹൈക്കോടതി വ്യക്തമാക്കിയത്.
അപകടത്തിന് കാരണമായേക്കാവുന്ന ഇത്തരം വാഹന പരിശോധന പാടില്ലെന്ന 2012-ലെ ഡിജിപിയുടെ ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.