കൊച്ചി: പാചക വാതക കണക്ഷനുള്ളവര്‍ക്ക് ആധാറുമായി ബന്ധപ്പെടുത്തുകയോ സബ്‌സിഡി വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇനി റീഫില്‍ സിലിണ്ടര്‍ കിട്ടില്ല. അങ്ങനെ ചെയ്യാത്തവര്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെടാനുള്ള എസ്എംഎസ് സന്ദേശം വ്യാഴാഴ്ച മുതല്‍ ലഭിച്ചു തുടങ്ങി. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് എണ്ണക്കമ്പനി വക്താവ് അറിയിച്ചു. പാചക വാതകം വിതരണം ചെയ്യുന്ന മൂന്ന് എണ്ണക്കമ്പനികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
നടപടിക്രമം ലഘുവാണ്. ഏജന്‍സിയില്‍ ചെന്ന് കെവൈസി ഫോം പൂരിപ്പിച്ചു കൊടുത്താല്‍ മതി. അതില്‍ ആധാര്‍ നമ്പരും ഉണ്ടാവണം. അതിനു തയാറല്ലെങ്കില്‍ സബ്‌സിഡി ഉപേക്ഷിക്കാനുള്ള ഫോം പൂരിപ്പിച്ചു കൊടുക്കുക. എങ്കില്‍ റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നും ഓയില്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.