ന്യൂഡൽഹി: റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇതുവരെ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്നും കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ കേന്ദ്രം വ്യക്തമാക്കി. റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
റഷ്യൻ സൈന്യത്തിൽ സഹായികളായും മറ്റും ചേർന്ന ഇവർ പിന്നീട് യുദ്ധമുഖത്തെത്തുകയായിരുന്നു. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
അതേസമയം 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 4 വർഷം പിന്നിട്ടിട്ടും യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ ശാശ്വത സമാധാനം ഉറപ്പാക്കാനായിട്ടില്ല. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നേതൃത്വത്തിലടക്കം ചർച്ചകൾ നടന്നെങ്കിലും ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ സമാധാനം അകലെത്തന്നെയാണ്. അതിനിടെ കഴിഞ്ഞ ആഴ്ച, ഓർത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ യുക്രൈനിൽ റഷ്യയുടെ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണം നടന്നിരുന്നു.
700 ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ ഒമ്പത് പേരും തലസ്ഥാനമായ കീവിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. മധ്യ നഗരമായ ഡിനിപ്രോയിലും നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രൈൻ യുദ്ധം ഇതോടെ വീണ്ടും രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നു. റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് യുക്രൈനും ശക്തമായ തിരിച്ചടി നൽകി. തെക്കൻ റഷ്യയിലെ ക്രാസ്നോഡർ മേഖലയിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. സമാധാന നീക്കങ്ങൾക്കായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്ന സമയത്തിന് തൊട്ടുപിന്നാലെ ഇരുപക്ഷത്തുനിന്നും ഉണ്ടായ ഈ ആക്രമണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.















































