നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസില്‍ അതിക്രമിച്ചു കയറുന്നതു തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൂട്ടിയെന്ന പരാതിയില്‍ പി.വി. അന്‍വര്‍ അറസ്റ്റില്‍. അന്‍വര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പതിനൊന്നു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു. കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തില്‍ ആദിവാസി യുവാവ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നോര്‍ത്ത് ഡിഎഫ് ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുന്നതിനിടെയാണു പത്തുപേര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്.
ഓഫീസിന്റെ ഫാബ്രിക്കേഷന്‍ ഡോര്‍ ചവിട്ടിപ്പൊളിച്ച പ്രവര്‍ത്തകര്‍ ക്ലോക്കും ട്യൂബ് ലൈറ്റും കസേരകളും മേശയും ഓഫീസ് റൂമിന്റെ വാതില്‍ ഉള്‍പ്പെടെയുള്ള നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരായ സുധീര്‍ ഇ.എന്‍., ഉജേഷ് എന്നിവരെ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നുമാണു കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനു പുറമേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണു കേസ്. ഉദ്യോഗസ്ഥരായ ഇ.എന്‍. സുരേന്ദ്രന്‍, ഉജേഷ് എന്നിവരാണു പരാതി നല്‍കിയിട്ടുള്ളത്.
പിണറായി വിജയന്റേത് ഭരണകൂട ഭീകരതയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പന്‍മാരാണ് ഇവിടെ ജാമ്യത്തില്‍ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കില്‍ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങള്‍ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാന്‍ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാള്‍ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്റെ വീട്ടിലെത്തിയത്.