ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇന്നു പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ. ബുധനാഴ്ച ഹഡാസ ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മാർച്ചിൽ ബെന്യമിൻ നെതന്യാഹു ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഡോക്ടർമാർ നെതന്യാഹുവിന്റെ ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു.
അതേസമയം ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍ ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തന്നെ തണുപ്പത്ത് നിര്‍ത്തിയെന്ന് നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത് വെളിപ്പെടുത്തി. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.
മുറിവേറ്റ രോഗികളെ സൈന്യം മര്‍ദിച്ചു. സര്‍ജറി വിഭാഗത്തിന് തീയിട്ടു. ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിച്ച ശേഷം എല്ലാവരേയും അല്‍ ഫരീഖ് സ്‌ക്വയറിലേക്ക് കൊണ്ടുപോയി. ഈ കൂട്ടത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസാം അബൂസാഫിയും ഉണ്ടായിരുന്നു. കൊടും തണുപ്പിലൂടെ രണ്ടു മണിക്കൂറോളം നടത്തിയാണ് രോഗികള്‍ അടക്കമുള്ളവരെ അല്‍ ഫരീഖ് സ്‌ക്വയറില്‍ എത്തിച്ചത്. നിസഹായരായവരുടെ മുഖത്ത് ഇസ്രയേല്‍ സൈന്യം തുപ്പി. കണ്ണു മൂടി കെട്ടിയിട്ടതായും കമാല്‍ അദ്‌വാനിലെ ജീവനക്കാരി ഷൊറൂഖ് അല്‍ റന്‍തീസി പറഞ്ഞു.
നെഞ്ചിലും പിന്നിലും നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് തടവിലാക്കിയവരെ സൈന്യം വിട്ടയച്ചത്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.