ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയിരിക്കുന്നത്.
ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണെന്ന് ചൂണ്ടിക്കാട്ടി, ഉപാദികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖിൻറെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്. എന്നാൽ സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിന് സുപ്രീംകോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിൻറെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നുമായിരുന്നു സിദ്ദിഖിൻറെ വാദം.
നടിയുടെ പരാതിയിൽ അറസ്റ്റിലായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ നടൻ, ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.