വാഷിങ്ടൺ: ജോ ബൈഡൻ ഉടൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആ പദവിയിലേക്ക് കൊണ്ട് വരണമെന്ന് ജമാൽ സിമ്മൺസ്. കമല ഹാരിസിന്റെ മുൻ കമ്മ്യൂണിക്കേഷൻ ഡയറക്ടറാണ് സിമ്മൺസ്. അങ്ങനെയായാൽ കമല അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി മാറുമെന്നും അതിലൂടെ ബൈഡന് ചരിത്രം സൃഷ്ടിക്കാനാകുമെന്നും സിമ്മൺസ് പറഞ്ഞു.
‘അമേരിക്കൻ പ്രയിഡന്റായ ശേഷം ബൈഡൻ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥാനമൊഴിഞ്ഞാൽ അദ്ദേഹത്തിന്റെ ഭരണത്തിന് ലോകത്തിന് മഹത്തരമായ സന്ദേശം നൽകാനാകും. ബൈഡൻ ഒരു അസാധാരണ പ്രസിഡന്റായിരുന്നു. ഭരണപരമായി നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന് നിറവേറ്റാൻ കഴിയുന്ന ഒരു വാഗ്ദാനമുണ്ട്. കമലയെ അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്റാക്കുകയെന്നത്, സിമ്മൺസ് പറഞ്ഞു. സിഎൻഎൻ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു സിമ്മൺസ് തന്റെ അഭിപ്രായം പറഞ്ഞത്.
ചർച്ച പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ സിമ്മൺസിനെ പിന്തുണച്ചും എതിർത്തും ഒട്ടേറെയാളുകൾ രംഗത്ത് വരികയാണ്. ഡൊണാൾഡ് ട്രംപ് ഔദ്യോഗിക ചുമതല ഏൽക്കാൻ ഇനിയും രണ്ടര മാസമെടുക്കും. ഈ കാലയളവിൽ ഡൊമോക്രാറ്റിക് പാർട്ടിയ്ക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്താൽ അത് വിപ്ലവകരമാകുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ബൈഡൻ ഈ സാഹചര്യത്തിൽ അങ്ങനെ ചെയ്താൽ അത് ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് സിമ്മൺസിനെ വിമർശിക്കുന്നവർ പറയുന്നത്. കമല ഇപ്പോൾ പ്രസിഡന്റ് ആകുന്നതിൽ തെറ്റില്ല, പക്ഷേ അമേരിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റിനെ നൽകുന്നതിനാണ് ഈ വഴി സ്വീകരിക്കുന്നതെങ്കിൽ അത് അപമാനകരമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
2025 ജനുവരി 20 ന് ഡൊണാൺഡ് ട്രംപ് ഔദ്യോഗികമായി അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേൽക്കുക. അരിസോണയിലെ ഫലം കൂടി പുറത്ത് വന്നതോടെ 312 ഇലക്ടറൽ വോട്ടുകൾ നേടി ട്രംപ് കൃത്യമായ മുൻതൂക്കം നേടി കഴിഞ്ഞു. 127 വർഷത്തിന് ശേഷമാണ്, ഒരിക്കൽ തോൽവിയറിഞ്ഞ അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിൽ വീണ്ടും തിരിച്ചെത്തുന്നത്. 1893ൽ ഗ്രോവർ ക്ലീവ്‌ലാൻഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2016 ൽ പോപ്പുലർ വോട്ടിന് പിന്നിലായിരുന്ന ട്രംപ് രണ്ടാം വരവിൽ പോപ്പുലർ വോട്ടിലും ഇലക്ടറൽ വോട്ടിലും മുന്നിലായെന്ന് മാത്രമല്ല സെനറ്റും നേടി ആധികാരികമായ വിജയം ഉറപ്പാക്കിയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
Harris advisor Jamal Simmons actually says the meme live on CNN, advocating for Joe Biden to resign the presidency so Kamala Harris can become the first female president for a matter of weeks.pic.twitter.com/muJ125mRiV
— John Wick (@Scentofawoman10) November 10, 2024