തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന് കിട്ടിയത് എട്ടിന്റെ പണി. പണം വാങ്ങിയാണ് സതീഷ് വ്യാജ വെളിപ്പെടുത്തൽ നടത്തുന്നതെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് നൽകിയ മറുപടിയാണ് സതീഷിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പണം വാങ്ങിയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്ന ആരോപണത്തിന്, ജീവിക്കാനായി ചിലരിൽനിന്ന് കടം വാങ്ങിയിട്ടുണ്ടെന്നും അതു പോലും വീട്ടാനായിട്ടില്ലെന്നുമായിരുന്നു സതീഷിന്റെ. ഇതിനു പിന്നാലെയാണ് സതീഷ് തങ്ങളിൽനിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും ഉടൻ തിരികെ തരണമെന്നുമാവശ്യവുമായി നിരവധി പേർ സതീഷിന്റെ വീട്ടിലെത്തിയത്. എന്നാൽ ഇവരിൽ മിക്കവരേയും അറിയുക പോലുമില്ലെന്ന് സതീഷ് പറയുന്നു.
തന്റെ വെളിപ്പെടുത്തലിൽ ഉറക്കം നഷ്ടപ്പെട്ട രാഷ്ട്രീയക്കാരാണ് പലരേയും വീട്ടിലേക്ക് പറഞ്ഞയയ്ക്കുന്നതെന്നാണ് സതീഷിന്റെ ആരോപണം. ആർക്കെല്ലാമാണ് പണം നൽകാനുള്ളതെന്ന് തനിക്ക് അറിയാം. അവരോടെല്ലാം തിരിച്ചു നൽകുന്ന കാലാവധി കൃത്യമായി പറഞ്ഞിട്ടുണ്ട്. അവരാരും എത്തുന്നില്ലെന്നും സതീഷ് പറയുന്നു. നിലവിൽ പോലീസ് കാവലിലാണ് സതീഷിന്റെ വീട്. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ സതീഷിന്റെ വീടിന്റെ വഴിയിലേക്ക് കാണുന്ന വിധം ഉറപ്പിച്ചിട്ടുമുണ്ട്. ഈ സുരക്ഷ ഒരുക്കിയതിനിടെയാണ് കടം തിരികെ ചോദിക്കാനെന്ന പോലെ പലരും എത്തുന്നതെന്നും സതീഷ് പറയുന്നു.