‘അതിർത്തികൾ അടയ്ക്കും; വരേണ്ടവർക്ക് നേരായ മാർ​ഗത്തിലൂടെ വരാം’

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണ്. ആളുകൾക്ക് ഇങ്ങോട്ട് വരാം, അതിനെ ഞങ്ങൾ സ്വാ​ഗതം ചെയ്യുന്നു. പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍, ട്രംപ് പറഞ്ഞു. തനിക്ക് വിജയം നേടാന്‍ സഹായിച്ച ലക്ഷക്കണക്കിന് അമേരിക്കക്കാരെ അഭിസംബോധന ചെയ്ത ട്രംപ് ഇവർക്ക് നന്ദി പറയുകയും ചെയ്തു.

‌പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ട്രംപ്, ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.
മസ്‌കിനെ സ്റ്റാര്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നമുക്ക് ഒരു പുതിയ താരമുണ്ട്, ഇലോണ്‍ മസ്‌ക്. ഒരു താരം ജനിച്ചിരിക്കുന്നു. അദ്ദേഹം പ്രത്യേകതയുള്ള വ്യക്തിയാണ്. പ്രതിഭയാണ്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്, മസ്‌കിനെ ലക്ഷ്യമാക്കി ട്രംപ് പറഞ്ഞു. ഏഷ്യന്‍ അമേരിക്കക്കാരും അമേരിക്കന്‍ മുസ്‌ലിങ്ങളും അറബ് അമേരിക്കക്കാരും … എല്ലാവരും നമ്മെ പിന്തുണച്ചു. സാമാന്യയുക്തിയുടെ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗികമായി ഫലം പുറത്തെത്തിയിട്ടില്ലെങ്കിലും സ്വിങ് സ്‌റ്റേറ്റുകളായ പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങള്‍കൂടി ഒപ്പംനിന്നതോടെ ട്രംപ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7