ശബ്ദം നന്നാകുമ്പോൾ പാട്ടുനിർത്താൻ ശരത് പവാർ; 14 തവണ തവണ മത്സരിച്ചു, ഇനി ലോക് സഭയിലേക്കില്ല, വരും തലമുറയെ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്; മത്സര രം​ഗത്തുനിന്ന് പിന്മാറുന്നതായി സൂചന

മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ​ഗോദയിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ ചൊവ്വാഴ്ച ബരാമതിയിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.

‘ഞാൻ അധികാരത്തിലേക്ക് ഇനിയില്ല. എന്നാൽ രാജ്യസഭയിൽ ഉണ്ടാകും. ഒന്നരവർഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ, വേണ്ടയോ എന്ന കാര്യം ആലോചിക്കും. ഏതായാലും ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ലെന്നും ശരത് പവാർ.

‘ഞാൻ പതിനാല് തവണ തവണ മത്സരിച്ചു. ഒരിക്കൽ പോലും നിങ്ങളെന്നെ വെറും കൈയ്യോടെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തെരഞ്ഞെടുത്തു. പക്ഷെ, ഇപ്പോൾ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അധികാരം വേണ്ട. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.

നിങ്ങളെന്നെ ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. 1967 ൽ എന്നെ നിങ്ങൾ തെരഞ്ഞെടുത്തു. 25 വർഷക്കാലം ഞാൻ ഇവിടെ പ്രവർത്തിച്ചു. ഇനി ഭാവി നോക്കാനുള്ള സമയമാണ്. അടുത്ത 30 വർഷത്തേക്കാവശ്യമായ നേതാക്കളെ വളർത്തിക്കൊണ്ട് വരാനുണ്ട്’- പവാർ പറഞ്ഞു.

നാലു തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിട്ടുള്ള ശരത് പവാർ യുപിഎ സർക്കാർ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 1999-ലാണ് പവാർ എൻസിപി രൂപീകരിക്കുന്നത്. 2023-ൽ എൻസിപി പിളർന്ന് അജിത് പവാറിന്റെ നേതൃത്വത്തിൽ പുതിയൊരു എൻസിപി രൂപീകരിച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഇന്ത്യ സഖ്യത്തിനൊപ്പം ചേർന്ന് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.

നേരത്തെ എൻസിപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ശരദ് പവാർ ഞെട്ടിച്ചിരുന്നു. അനന്തരവൻ അജിത് പവാർ ബിജെപിയുമായി ധാരണയുണ്ടാക്കുന്നു എന്ന തിരിച്ചറിവിന് പിന്നാലെയായിരുന്നു അദ്ദേഹം 2023-ൽ എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. എന്നാൽ പിന്നീട് അദ്ദേഹം രാജി പിൻവലിച്ച് വീണ്ടും എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7