അനുമോൾക്ക് അപൂർവ നേട്ടം; ഒറ്റദിവസം റിലീസ് ചെയ്തത് താരത്തിന്റെ നാല് സിനിമകളും ഒരു വെബ് സീരീസും

ലോകസിനിമയില്‍ തന്നെ ഒരു അഭിനേതാവിനും ലഭിക്കാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുമോൾ. ഇക്കഴിഞ്ഞ ലോകവനിതാ ദിനത്തില്‍ അനുമോള്‍ കേന്ദ്രകഥാപാത്രമായ നാല് സിനിമകളും ഒരു വെബ്‌സീരീസുമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. ഈ സന്തോഷം വനിതാദിനത്തിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞത് അനുമോൾക്ക് ഇരട്ടിമധരുമായി മാറിയിക്കുകയാണ്. ലോകവനിതാ ദിനത്തിലിറങ്ങിയ ഈ സിനിമകളും വെബ്‌സീരീസും എല്ലാം സ്ത്രീകേന്ദ്രീകൃതമായിരുന്നെന്നതും മറ്റൊരു പ്രത്യേകത.

മലയളത്തിലും തമിഴിലും കഴിവ് തെളിയിച്ചു
അവതാരകയായി എത്തിയാണ് അനുമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. തുടർന്ന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തന്റേതായ രീതിയില്‍ അനശ്വരമാക്കി മലയാളസിനിമയില്‍ ചുവടുറപ്പിച്ചു. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, ഞാന്‍, അകം, റോക്‌സ്റ്റാര്‍, ഉടലാഴം തുടങ്ങിയ സിനിമകള്‍ ആ അഭിനയ മികവ് വെളിപ്പെടുത്തിയ ഏതാനും ചിലത് മാത്രം. തമിഴില്‍ അരങ്ങേറ്റം കുറിച്ച ശേഷം മലയാളത്തിലെത്തിയപ്പോള്‍ അഭിനയത്തികവും ആഴമുള്ള പ്രതിഭയും ആവശ്യമായ കഥാപാത്രങ്ങളാണ് അനുമോളെ തേടിയെത്തിയതും. വെബ്‌സീരീസുകളിലൂടെ ഇപ്പോള്‍ തമിഴ് പ്രേക്ഷകരുടെ പ്രീതിയും അവര്‍ നേടിക്കഴിഞ്ഞു.

പുതിയ സിനിമകൾ
വിവിധ പ്ലാറ്റ്‌ഫോമുകളിലായി പത്മിനി, ടൂ മെന്‍, ഉടലാഴം, റാണി: ദ റിയല്‍ സ്‌റ്റോറി എന്നീ സിനിമകള്‍ക്ക് പുറമെ തമിഴ് വെബ്‌സീരീസ് ഹാര്‍ട്ട് ബീറ്റ് എന്നിവയാണ് അനുമോളുടേതായി മാര്‍ച്ച് എട്ടിന് റിലീസ് ചെയ്തത്. ഇതില്‍ പത്മിനി പേര് സൂചിപ്പിക്കും പോലെ അനശ്വര ചിത്രകാരി ടി.കെ പത്മിനിയുടെ ബയോപിക് ആണ്. ടി.കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ബാനറില്‍ ടി.കെ ഗോപാലന്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ദ്രോത്ത് ആണ്. പൃഥ്വിരാജിനെ നായകനാക്കി വയനാട്ടിലെ കര്‍ഷകരുടെ ജീവിതദുരിതം രേഖപ്പെടുത്തിയ പകല്‍ എന്ന ഫീച്ചര്‍ ഫിലിമിനും പ്രിയനന്ദനന്റെ മരിച്ചവരുടെ കടല്‍, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10സി എന്നീ ഹൃസ്വചിത്രങ്ങള്‍ക്കും ശേഷം സുസ്‌മേഷ് തിരക്കഥ രചിച്ചിരിക്കുന്ന സിനിമയായ പത്മിനി അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭവുമാണ്. 1940 മുതല്‍ 1969 വരെ കേരളത്തിലും മദിരാശിയിലുമായുള്ള പത്മിനിയുടെ ജീവിതമാണ് ചിത്രത്തില്‍ വിവരിക്കുന്നത്. ചിത്രത്തില്‍ പത്മിനിയായാണ് അനുമോള്‍ സ്‌ക്രീനിലെത്തുന്നത്. പഴയ ആ കാലഘട്ടത്തെ അതുപോലെ പകര്‍ത്തുന്ന ചിത്രം അക്കാലത്തെ കേരള സാമൂഹിക ജീവിതത്തിന്റെ നേര്‍സാക്ഷ്യവുമാണ്. സി സ്‌പേസ് ആണ് ചിത്രം ഒ.ടി.ടിയില്‍ എത്തിച്ചിരിക്കുന്നത്.

ടൂ മെൻ: അനുവിന്റെ വേറിട്ട അഭിനയം
പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ടൂ മെന്‍ എന്ന റോഡ് മൂവി എത്തുന്നത്. കെ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ എം.എ നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനിത എന്ന സുപ്രധാന കഥാപാത്രത്തെയാണ് അനുമോള്‍ അവതരിപ്പിക്കുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച ചിത്രവും സീ സ്‌പേസിലൂടെ തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു.

ഗുളികന്‍ എന്ന ആദിവാസി ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവ് ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളാണ് ഉടലാഴം പറയുന്നത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ചിത്രം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. ഗുളികന്റെ ജീവിതത്തിലെ സുപ്രധാന വ്യക്തിയായി വരുന്ന കഥാപാത്രമാണ് ഇതില്‍ അനുമോളുടേത്. ഈ ചിത്രവും സീ സ്‌പേസ് തന്നെയാണ് ഒ.ടി.ടിയില്‍ എത്തിച്ചിരിക്കുന്നത്.

ക്രൈം ത്രില്ലർ റാണി- ദി റിയൽ സ്റ്റോറി
പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റാണി: ദ റിയല്‍ സ്റ്റോറി. അനുമോളെ കൂടാതെ നിയതി കാദംബി, ഭാവന, ഉര്‍വശി, ഹണിറോസ്, മാലാ പാര്‍വതി, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, ഗുരു സോമസുന്ദരം എന്നിങ്ങനെ ഒരു വന്‍താരനിരയാണ് ഇതിലുള്ളത്. ഒരു എം.എല്‍.എയുടെ കൊലപാതകത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ട റാണിയെന്ന വീട്ടുവേലക്കാരിയുടെ ജീവിതമാണ് ഇതില്‍ വിവരിക്കുന്നത്. ധര്‍മ്മപുരം എന്ന പട്ടണത്തില്‍ അവള്‍ക്ക് വേണ്ടി സംസാരിക്കുന്ന അവള്‍ ജോലി ചെയ്യുന്ന മൂന്ന് കുടുംബങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ശക്തമായ സ്ത്രീപക്ഷ സാന്നിധ്യമുള്ള ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള സോന എന്ന കഥാപാത്രമാണ് അനുമോളുടേത്. മനോരമ മാക്‌സ് ആണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിച്ചത്.

തമിഴ് വെബ് സീരീസ്
തമിഴ് വെബ്‌സീരീസായ ഹാര്‍ട്ട് ബീറ്റിന്റെ നാല് എപ്പിസോഡുകളുള്ള ആദ്യ സീസണാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ പശ്ചാത്തലമാക്കിയുള്ള ഹാര്‍ട്ട് ബീറ്റില്‍ കേന്ദ്രകഥാപാത്രമായ ഡോക്ടര്‍ രാധിയായി അനുമോള്‍ എത്തുന്നു. സീരീസിന്റെ രണ്ടാം സീസണ്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ദീപ ബാലു, യോഗലക്ഷ്മി, തപ, ചാരുകേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ഹാര്‍ട്ട് ബീറ്റ് റിലീസ് ചെയ്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51