ആടുജീവിതം നോവൽ അതേപോലെ സിനിമയാക്കിയിട്ടില്ലെന്ന് ബ്ലെസി; മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്

മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. “വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി” എന്ന് പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബെന്യാമിൻ പറഞ്ഞു വെച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് സിനിമയിലൂടെ താൻ ശ്രമിച്ചത്. സിനിമയിൽ നിന്ന് മുറിച്ചുമാറ്റിയ ഭാഗങ്ങൾ പിന്നീട് പുറത്തുവിടും. പൃഥ്വിരാജ് എന്ന നടൻ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ആ ദൃശ്യങ്ങളിൽ നിന്ന് അറിയാമെന്നും ബ്ലെസി പറഞ്ഞു.

സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.ആടുജീവിതത്തിന്റെ യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവർത്തകനെന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നജീബെന്ന മനുഷ്യൻ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും ഞങ്ങളുടേതായ രീതിയിൽ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകൾക്കും കിട്ടരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ എല്ലാക്കാലവും നന്ദിയോടെ ഓർമിക്കും. ഒരുപാട് കാലങ്ങളിൽ ഇത് എന്തുകൊണ്ടെന്നും, എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓർക്കുന്നത്.

മനുഷ്യരെന്ന നിലയിൽ വളരെയധികം പരിണാമങ്ങളും, മാറ്റങ്ങളുമുണ്ടായി. എല്ലാക്കാലത്തും എന്റെ ജീവിതത്തിൽ ഞാൻ സൂക്ഷിക്കുന്ന കുറച്ച് കാര്യങ്ങൾ ആടുജീവിതമെന്ന സിനിമയും, ഷൂട്ടിങ് ദിവസങ്ങളുമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ബ്ലെസിയെ കേരളത്തിലെ ആളുകൾ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് താൻ ഈ സിനിമ ചെയ്യാൻ കാരണമായതെന്ന് എആർ റഹ്‌മാൻ പറഞ്ഞു. ‘ബ്ലെസി എന്നെ ആദ്യം സമീപിച്ചപ്പോൾ എന്നോട് നോവലിനെപ്പറ്റിയാണ് സംസാരിച്ചത്. ആ ബുക്ക് എത്ര ഫേമസ് ആണെന്നും എന്നോടു പറഞ്ഞു. പിന്നീട് ഞാൻ എനിക്കറിയാവുന്നവരോടൊക്കെ ബ്ലെസിയെക്കുറിച്ചും, ആ നോവലിനെക്കുറിച്ചുമൊക്കെ ചോദിച്ചറിയുകയായിരുന്നു. അദ്ദേഹത്തെ കേരളത്തിലെ ആളുകൾ എത്രത്തോളം മതിക്കുന്നുണ്ടെന്ന് അപ്പോൾ എനിക്ക് മനസിലായി. ഇദ്ദേഹത്തിന്റെ സിനിമകൾ ഒന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ഈ സിനിമ ചെയ്യുന്നത്,’

ചിത്രത്തിലെ നായിക അമലപോൾ, റസൂൽ പൂക്കുട്ടി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 10 വർഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വർഷത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങിനുമൊടുവിൽ ആടുജീവിതം മാർച്ച് 28 നാണ് റിലീസ് ചെയ്യുന്നത്. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.വിഷ്വൽ റൊമാൻസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

ചിത്രത്തിലെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഹോപ് എന്ന പ്രെമോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിടുകയും ചെയ്തിരുന്നു. പ്രതീക്ഷ എന്ന ആശയമാണ് ഗാനം പങ്കുവെയ്ക്കുന്നത്. എ.ആർ. റഹ്‌മാനാണ് ഗാനത്തിന് ഈണമിട്ട് ആലപിച്ചിരിക്കുന്നത്. അദ്ദേഹംതന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നതും.

നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

.
.

.
.

.
.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51