ശ്രദ്ധിക്കുക; അസാപ് കേരളയുടെ പേരില്‍ ജോലി തട്ടിപ്പ്

തിരുവനന്തപുരം: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് (അസാപ്) കീഴിലുള്ള സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എന്ന വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉണ്ടാക്കി ഓണ്‍ലൈന്‍ ജോലി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അസാപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നഴ്സുമാര്‍ എന്നിവര്‍ക്കായി ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളാണ് തട്ടിപ്പുകാര്‍ ഷെയര്‍ ചെയ്തത്. ആകര്‍ഷകമായ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിവുകള്‍ നികത്താന്‍ അസാപ് പദ്ധതിയിടുന്നതായും പോസ്റ്റില്‍ പറയുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പും സീലും സഹിതമുള്ള ഔദ്യോഗിക ഉത്തരവും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. ഔപചാരികമായ അപേക്ഷകള്‍ അയയ്ക്കാന്‍ ഉദ്യോഗാര്‍ത്ഥികളോട് [email protected] എന്ന മെയില്‍ ഐഡിയും പങ്കിട്ടു. പോസ്റ്റ് കണ്ട് അപേക്ഷകര്‍ തങ്ങളുടെ ബയോഡാറ്റ ഷെയര്‍ ചെയ്ത് ജോലിക്ക് അപേക്ഷിച്ചു. പ്രതികള്‍ പിന്നീട് മൊബൈല്‍ നമ്പറില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെട്ടു.

അസാപ് കേരള അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസ്സോസിയേറ്റ് ഡയറക്ടറുടെ പരാതിയില്‍ സിറ്റി സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 2024 ഫെബ്രുവരി 15 നും മാര്‍ച്ച് ആദ്യവാരത്തിനും ഇടയിലാണ് തട്ടിപ്പ് നടന്നത്.

ഇത്തരത്തില്‍ ‘അസാപ് കേരള റെസിഡന്‍ഷ്യല്‍ സ്‌കൂള്‍’ എന്നൊരു സ്ഥാപനം സര്‍ക്കാരിന്റെയോ അസാപ് കേരളയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ ഇത്തരത്തില്‍ യാതൊരു നിയമനവും സര്‍ക്കാരിന്റെയോ അസാപിന്റെയോ സ്ഥാപനങ്ങളില്‍ നടക്കുന്നില്ല. നിയമനങ്ങള്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പത്ര മാധ്യമങ്ങളിലൂടെയോ അതാത് സമയങ്ങളില്‍ അറിയിക്കാറുണ്ട്.

.
.

.
.


.
.

Similar Articles

Comments

Advertismentspot_img

Most Popular