ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കൂട്ടി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം കൂട്ടാൻ ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. മാച്ച് ഫീസ് വർധിപ്പിക്കാനല്ല ബിസിസിഐ ഉദ്ദേശിക്കുന്നത്. പകരം കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്ക് വാർഷിക ബോണസായി ഉയർന്ന തുക നൽകാനാണു നീക്കം. യുവ താരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഐപിഎല്ലിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.

സെൻട്രല്‍ കോൺട്രാക്ടിലുള്ള താരങ്ങൾ രഞ്ജി ട്രോഫി ഉൾ‌പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകൾ കളിക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതു സംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാൽ രഞ്ജി ട്രോഫി കളിക്കാൻ ഇഷാൻ കിഷൻ തയാറായില്ല. പുറംവേദനയാണെന്ന കാരണം പറഞ്ഞാണ് ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നത്. താരത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോർട്ട് നൽകിയതോടെ സംഭവം വിവാദമായി.

നിലവിലെ കരാർ പ്രകാരം, ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണു ലഭിക്കുക. ഏകദിന മത്സരത്തിൽ പ്രതിഫലം ആറു ലക്ഷവും ട്വന്റി20യിൽ മൂന്ന് ലക്ഷവുമാണ്. വാർഷിക കരാറിൽ താരങ്ങൾക്കു ലഭിക്കുന്ന തുകയ്ക്കു പുറമേയാണു മാച്ച് ഫീസും നൽകുന്നത്. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരങ്ങള്‍ക്കു വാര്‍ഷിക ബോണസായിട്ടായിരിക്കും അധിക തുക നൽകുക. നടപടിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതൽ യുവതാരങ്ങളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular