രണ്ടാം ടെസ്റ്റിൽ ഇന്ത്യ 106 റൺസിന് ഇം​ഗ്ലണ്ടിനെ തകർത്തു

വിശാഖപട്ടണം: നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ ഇംഗ്ലീഷ് പട റണ്‍മല താണ്ടാനാകാതെ മടങ്ങി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 292-റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി (1-1) ഇന്ത്യ-396 & 255, ഇംഗ്ലണ്ട്-253 & 292

നാലാം ദിനം 67-1 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് റെഹാന്‍ അഹ്‌മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 23 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെയിറങ്ങിയ ഒലി പോപ്പുമൊത്ത് സാക് ക്രോളി സ്‌കോര്‍ ബോര്‍ഡ് പതിയെ ചലിപ്പിച്ചു. എന്നാല്‍ 23 റണ്‍സെടുത്ത ഒലി പോപ്പിനെ മടക്കി അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു. പതിവിന് വിപരീതമായി സ്‌കോറിങ്ങിന് വേഗം കൂട്ടിക്കൊണ്ടാണ് ജോ റൂട്ട് ബാറ്റേന്തിയത്. എന്നാല്‍ താരത്തിന് അധികനേരം ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത റൂട്ടിനെ ആശ്വിന്‍ അക്ഷറിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 154-4 എന്ന നിലയിലേക്ക് വീണു.

വിക്കറ്റുകള്‍ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ സാക് ക്രോളി ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. ക്രീസിലിറങ്ങിയ ജോണി ബെയര്‍സ്‌റ്റോയുമൊത്ത് ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 194-ല്‍ നില്‍ക്കേ ഇരുവരുടേയും വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 73 റണ്‍സെടുത്ത സാക് ക്രോളിയെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ബെയര്‍സ്‌റ്റോയെ ബുംറയും മടക്കി. 26 റണ്‍സാണ് ബെയര്‍സ്‌റ്റോ നേടിയത്.

ഉച്ചഭക്ഷണത്തിന് ശേഷം ബെന്‍ സ്റ്റോക്‌സും ബെന്‍ ഫോക്‌സും ഇംഗ്ലണ്ടിനായി പൊരുതാനിറങ്ങി. ടീം സ്‌കോര്‍ 220-ല്‍ നില്‍ക്കേ കാര്യമായ പോരാട്ടം കാഴ്ചവെക്കാനാവാതെ സ്‌റ്റോക്‌സ് മടങ്ങി. 11 റണ്‍സെടുത്ത താരം റണ്‍ഔട്ടായി. പിന്നീടിറങ്ങിയ ടോം ഹാര്‍ട്‌ലിയുമൊന്നിച്ച് ഫോക്‌സ് സ്‌കോര്‍ 250-കടത്തി. ഇംഗ്ലീഷ് ക്യാമ്പില്‍ ചെറിയ പ്രതീക്ഷ പരന്നെങ്കിലും ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ അവര്‍ തോല്‍വി മണത്തു. 36 റണ്‍സെടുത്ത ബെന്‍ ഫോക്‌സാണ് കൂടാരം കയറിയത്.

പിന്നാലെ ക്രീസിലിറങ്ങിയ ഷൊയ്ബ് ബാഷിറും(0) വേഗത്തില്‍ മടങ്ങി. മുകേഷ് കുമാര്‍ താരത്തെ വിക്കറ്റ് കീപ്പര്‍ ഭരതിന്റെ ൈകളിലെത്തിച്ചു. പിന്നാലെ ആന്‍ഡേഴ്‌സണെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍. മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തേ 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഉയര്‍ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സിന് ഓള്‍ഔട്ടാക്കി 143 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ടീം 396 റണ്‍സെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular