മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസ് : മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി

കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തക നൽകിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. പരാതിയില്‍ 354 A വകുപ്പ് ചുമത്തിയാണ് കേസ്. കേസിൽ സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍, ഗുരുതര വകുപ്പ് ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. താമരശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് തള്ളിക്കൊണ്ട് മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular