നക്ഷത്ര കൊലപാതകം; പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മൂന്നേമുക്കാലോടെയാണ് സംഭവം.

ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. നക്ഷത്രയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

2023 ജൂൺ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

ആദ്യ ഭാര്യയുടെ മരണശേഷം പുനർവിവാഹിതനാകുവാനുളള ശ്രീമഹേഷിന്റെ ഉദ്യമത്തിൽ മകളായ നക്ഷത്ര തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ ശ്രീമഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ ഫയൽ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത്‌ ആണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഇന്നു വായിച്ചു കേൾപ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular