ഭക്ഷണത്തിൽ ലഹരി? വിനോദയാത്രയ്ക്ക് പോയ പെൺകുട്ടികൾ അവശരായി ആശുപത്രിയിൽ

കൊല്ലം: വിനോദ യാത്രക്കിടെ ശാരീരിക അവശതകളെ തുടർന്നു പ്ലസ് ടു വിദ്യാർഥിനികൾ ചികിത്സയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം. രഹസ്യാന്വേഷണ വിഭാ​ഗമാണ് അന്വേഷണം ആരംഭിച്ചത്. ശസ്താംകോട്ട ​ഗവ. എച്എസ്എസിലെ ഹയർസെക്കൻഡറി വിഭാ​ഗം വിദ്യാർഥികളും അധ്യാപകരും ചേർന്നു
കഴിഞ്ഞദിവസം മൈസൂരു, കുടക് അടക്കമുള്ള വിവിധ ഇടങ്ങളിലേക്ക് രണ്ട് ടൂറിസ്റ്റ് ബസുകളിൽ നടത്തിയ വിനോദ യാത്രയിലാണ് സംഭവം.

യാത്രക്കിടെ ഒരു പെൺകുട്ടിക്ക് വയ്യാതായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. പിന്നീട് തിരിച്ചെത്തുന്നതിനിടെ മറ്റൊരു പെൺകുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് പെൺകുട്ടിയെ മാറ്റി. ഇരു കുട്ടികളും നിലവിൽ ചികിത്സയിലാണ്.

യാത്രക്കിടെ പുറത്തു നിന്നു കഴിച്ച മഷ്റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലർന്നിരുന്നതായി സംശയമുണ്ട്. ഇതാണ് ബുദ്ധിമുട്ടിനു കാരണമായതെന്നു പരാതിയുണ്ട്. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

രഹസ്യാന്വേഷണ വിഭാ​ഗം സ്കൂളിലെത്തി അധ്യാപരിൽ നിന്നും വിദ്യർഥികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം വിദ്യാർത്ഥികൾ ഭക്ഷ്യ വിഷബാധയെ തുടർന്നാണ് ചികിത്സ തേടിയതെന്നു സ്കൂൾ അധികൃതർ പറയുന്നു. മറിച്ചുള്ള പരാതികൾ അടിസ്ഥാനമില്ലാത്തതാണെന്നും അധികൃതർ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular