അനുമതി തന്നാലും ഇല്ലെങ്കിലും പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കോൺഗ്രസ്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതോടെ പരിപാടി നടത്തുന്നതിന് കോഴിക്കോട് കടപ്പുറത്തുതന്നെ പുതിയ സ്ഥലം കണ്ടെത്തി ഡി.സി.സി. ബീച്ച് ആശുപത്രിക്ക് എതിര്‍വശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി തന്നാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് നിശ്ചയിച്ച ദിവസം പരിപാടി നടത്തുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നവംബര്‍ 23-ന് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കാണ് ജില്ലാഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നല്‍കാത്തത് എന്നാണ് വിശദീകരണം. മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.

റാലിക്ക് വേദി അനുവദിക്കാത്തതില്‍ വിശദീകരണവുമായി കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് രംഗത്തെത്തിയിരുന്നു. നവ കേരള സദസ്സ് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന്‍ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്. സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത്. ബീച്ചില്‍ മറ്റൊരിടത്ത് നടത്താന്‍ തടസമില്ലെന്നും കളക്ടര്‍ പറഞ്ഞു.

50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്.

https://youtu.be/GimRTXOTJCY

Similar Articles

Comments

Advertismentspot_img

Most Popular