തൃശൂർ: ലാവ്‌ലിൻ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പണമൊക്കെ പാർട്ടിക്കാണു കൊടുത്തത് എന്നാണു തനിക്കു കിട്ടിയ അറിവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
‘പിണറായി വിജയൻ, എന്റെ നാട്ടുകാരൻ, എന്റെ കോളജ്മേറ്റ്. പണ്ടൊന്നും ഇത്ര വഷളായിട്ടില്ല. ഇതുപോലെ അഴിമതി നടത്തിയിട്ടില്ല. എന്നാൽ ഇന്ന് ഒരു ലക്ഷ്യം മാത്രം. പണം. പണം മാത്രം. ഏതു വഴിയിലൂടെയും പണം പിരിക്കുക അതിനു തരംതാണ ഏതു വഴിയും സ്വീകരിക്കുക എന്നു മാത്രമായി അദ്ദേഹത്തിന്റെ ലക്ഷ്യം. ലാവ്‌ലിൻ കേസിൽ അദ്ദേഹം പണം അടിച്ചുമാറ്റിയിട്ടുണ്ട്. പക്ഷേ, പണമൊക്കെ പാർട്ടിക്കാണു കൊടുത്തതെന്നാണ് എനിക്കു കിട്ടിയ വിവരം. ചെറിയ തുക സ്വന്തമായി തട്ടിയെടുത്തിട്ടുണ്ടാകും. ലാവ്‌ലിൻ കേസിൽ വിധി പറയരുതെന്നു ഭരണകൂടത്തിന്റെ നിർദേശമുണ്ട്. വിധി പറയാൻ ജഡ്ജിമാർക്കു ഭയമാണ്. അതിനാലാണു 38–ാം തവണയും മാറ്റിവച്ചത്.’– കെ.സുധാകരൻ പറഞ്ഞു.
സ്വർണക്കടത്തും ഡോളർ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇ.ഡിയും വന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെട്ട കൊടകര കുഴൽപണ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും ഇതു സിപിഎം–ബിജെപി കൂട്ടുകെട്ടാണു കാണിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.