കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലർച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുന്നുണ്ട്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഏഴ് ദിവസം കസ്റ്റഡിയിൽ വേണം എന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. അപേക്ഷയിൽ കോടതി ഇന്ന് തന്നെ തീരുമാനമെടുക്കും. സ്വയം വാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഡൊമിനിക് മാർട്ടിൻ കസ്റ്റഡി അപേക്ഷയെ എതിർത്തേക്കില്ല. അന്വേഷണവുമായി സഹകരിക്കും എന്നാണ് കീഴടങ്ങിയത് മുതൽ പ്രതിയുടെ നിലപാട്.

പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ആയാണ് ഡൊമിനിക് മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് പ്രതി ഡൊമിനിക് മാർട്ടിൻ. എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആണ് സംസ്ഥാന പൊലിസിൻ്റെ ശ്രമം.

Similar Articles

Comments

Advertismentspot_img

Most Popular