വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റം; ഉദ്ദേശം വേറെയാണെങ്കില്‍ ആ വഴിക്ക് നേരിടാമെന്നും സുരേഷ് ഗോപി; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ പലതവണ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

https://youtu.be/m4x3rCxcnqE

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ-
‘വളരെ ശുദ്ധതയോടെ മാത്രമേ ഇത്തരം സാഹചര്യങ്ങളിലെല്ലാം പെരുമാറിയിട്ടുള്ളൂ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ശരിക്ക് പറഞ്ഞാല്‍ എന്റെ വഴിമുടക്കിയാണ് നിന്നത്. രണ്ട് മൂന്ന് തവണ ഞാന്‍ പോകാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ കുറുകെ നില്‍ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോള്‍, ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ..വെയ്റ്റ് ചെയ്യൂ… നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും മറ്റൊരു തരത്തില്‍ വിചാരിച്ചിട്ടേയില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്താറുണ്ട്. ഇടപഴകിയ മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാം. എത്രയോ അമ്മമാര്‍ വന്ന് എന്റെ നെഞ്ചത്ത് വീഴുന്നുണ്ട്. പെണ്‍കുട്ടികള്‍ വരുന്നുണ്ട്. എന്റെ വാത്സല്യം എന്ന് പറയുന്നത് എന്റെ മകളുമായി ബന്ധപ്പെട്ടതാണ്. അത്രയും വാത്സല്യത്തോടെയാണ് ഞാന്‍ ഈ മാധ്യമപ്രവര്‍ത്തകയോടും പെരുമാറിയിട്ടുള്ളത്. എന്തെങ്കിലും ഭാവവ്യത്യസം എന്റെ മുഖത്ത് ഉണ്ടായിട്ടുണ്ടോ. അവരും ചിരിച്ചുകൊണ്ടാണ് എന്നോട് തുടര്‍ന്നും ചോദിച്ചത്. ആ കുട്ടിയെ ഇന്നലെ ഒരുപാട് വിളിച്ചു. ഏതെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനായിരുന്നു വിളിച്ചത്. അവരുടെ ഉദ്ദേശം വേറെയാണെങ്കില്‍ ആ വഴിക്ക് നേരിടാം’ സുരേഷ് ഗോപി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular