തണുപ്പ് കാലം വരുന്നു,​ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ…

തണുപ്പ് കാലം വരാൻ ഇനി ദിവസങ്ങൾ മാത്രം. പൊതുവേ രാത്രിക്കു ദൈർഘ്യം കൂടുതലായിരിക്കും. പലതരം അസുഖങ്ങൾ കടന്നവരാവുന്ന സമയംകൂടിയാണ് ഇത്. ശരീരവേദന, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കാനും മുട്ടു മടക്കാനുമുള്ള പ്രശ്നങ്ങൾ തുടങ്ങി പലവിധ ശാരീരിക പ്രയാസങ്ങൾ തണുപ്പ് കാലത്ത് നേരിടാം. ശരീരബലം ഉള്ള ആളാണെങ്കിലും അമിതമായ തണുപ്പു നേരിടാനാവശ്യമായ ആഹാരങ്ങളും വിഹാരങ്ങളും ശീലിക്കേണ്ടത് ആവശ്യമാണ്. തണുപ്പുകാലത്തു ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളുടെ തോത് വർദ്ധിക്കുന്നതാണ്.

വിയർപ്പ് അധികം അനുഭവപ്പെടാത്ത കാലാവസ്ഥയായതിനാൽ ദാഹം കുറയും. ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം, ദീർഘകാലമായി അസുഖബാധിതരായി കഴിയുന്നവർക്ക് അത് വർദ്ധിക്കാൻ സാധ്യതയുള്ള കാലമാണ്. രോഗം നിയന്ത്രിക്കാനും പ്രയാസപ്പെടും. രോഗം കൂടുന്നതിനാൽ ആശുപത്രികളിൽ കൂടുതൽ പേരെത്തുന്നതും ഈ കാലത്താണ്. വയോജനങ്ങൾക്കു വൈറൽ പനിയും പകർച്ചവ്യാധികളും വരാനിടയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്കു മാറിയേക്കാം. കുട്ടികൾക്കു വൈറൽ, ശ്വാസകോശ, അലർജിക് പ്രശ്നങ്ങൾ കൂടുതലാകുന്നതും ഈ കാലാവസ്ഥയിലാണ്. ചർമരോഗം, ചർമത്തിന്റെ വരൾച്ച തുടങ്ങിയ പ്രശ്നങ്ങളും പലർക്കും ഈ സമയത്തു നേരിടാറുണ്ട്.

പ്രതിരോധിക്കാം

തണുപ്പുകാലത്തെ പ്രതിരോധിക്കാൻ വയോജനങ്ങൾ പ്രത്യേക വസ്ത്രധാരണം ശീലമാക്കണം. തണുപ്പിൽനിന്നു ശരീരത്തെ രക്ഷിക്കാനാവശ്യമായ കമ്പിളിയും സ്വെറ്ററും മറ്റും ഉപയോഗിക്കാം. പനി പോലുള്ള സാധാരണ അസുഖങ്ങളായാലും ഈ സീസണിൽ കൃത്യമായ വൈദ്യസഹായം തേടണം. ചർമരോഗമുള്ളവർ ക്രീം പുരട്ടി ചർമത്തിന്റെ ഈർപ്പം നിലനിർത്തണം. ശ്വാസകോശരോഗമുള്ളവർ തണുപ്പേൽക്കാതെ ശ്രദ്ധിക്കണം. അതിരാവിലെ സ്കൂളിലേക്കുള്ള യാത്രയിൽ കുട്ടികൾക്കു കമ്പിളിത്തൊപ്പിയും മറ്റും സുരക്ഷയ്ക്കായി നൽകണം. ചെറു ചൂടുവെള്ളത്തിൽ ശരീരം കഴുകുന്നതു ശീലമാക്കാം.

https://youtu.be/aDCzaCkPJ2U

ശരീരത്തിൽ ജലാശം നിലനിർത്താൻ കൂടുതൽ വെള്ളം കുടിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾക്കൊള്ളിക്കുന്നതു നന്ന്. ഫ്രിഡ്ജിൽ തണുപ്പിച്ച് സൂക്ഷിച്ച ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കാം.

രാത്രികാലത്തു ജനൽ തുറന്നിട്ട് ഉറങ്ങുന്ന ശീലം ഒഴിവാക്കണം. രാത്രി വൈകുന്തോറും തണുപ്പ് കൂടുന്നതിനാൽ ഇതു ശരീരത്തെ ബാധിക്കും. ഫാൻ വേഗത കുറച്ച് ഉപയോഗിക്കണം. എ.സി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ചർമം വിണ്ടുകീറുന്നതു തടയാൻ രാത്രി ചെറു ചൂടുവെള്ളത്തിൽ കാലുകൾ ‍മുക്കിവയ്ക്കാം. ക്രീമുകൾ ഉപയോഗിക്കാം. ചുണ്ടും മറ്റും വരണ്ടുപൊട്ടാതിരിക്കാൻ വെണ്ണ ഉപയോഗിക്കാം. കുളിക്കാൻ എണ്ണമയമുള്ള സോപ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular