കോരിത്തരിപ്പിച്ച് കൊത്ത; ദുൽഖറിന്റെ ആക്ഷനും മാസ് ഡയലോ​ഗുംകൊണ്ട് ശരിക്കും ത്രില്ല‍ർ

ആരാധക‌‌‌രുടെ കാത്തിരിപ്പിന് വിരമാമിട്ട് ദുൽഖ‌‌ർ സൽമാന്റെ പുതിയ ചിത്രി കിം​ഗ് ഓഫ് കൊത്ത തീയേറ്ററുകളിലെത്തി. സിനിമ മുഴുവൻ കോരിത്തരിപ്പിക്കുന്ന രം​ഗങ്ങളുമായി സിനിമ മുഴുവൻ ദുൽഖർ നിറഞ്ഞുനിന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യചിത്രം, റിലീസിന് മുന്നേ തരം​ഗമായിരുന്നു. കഥാപാത്രങ്ങളും ബാക്ക്​ഗ്രൗണ്ട് മ്യൂസിക്കും മികച്ചുനിന്ന സിനിമ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പേര് സൂചിപ്പിക്കുന്ന പോലെ കൊത്തയുടെ രാജാവായ ദുൽഖറിന്റെ വേറിട്ട ആക്ഷൻത്രില്ലർ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

ബ്രിട്ടീഷ് ഭരണകാലത്ത് മാലിന്യപ്പറമ്പായിരുന്ന ഒരിടം കൊത്ത എന്ന രക്തം പുരണ്ട നാടായി മാറുന്നതും ആ നാട്ടിലെ പിൻതലമുറകളും രക്ത​ഗന്ധമുള്ള പാതയിലൂടെ ജീവിതം തള്ളിനീക്കാൻ നിർബന്ധിതരാവുന്നതുമാണ് കിം​ഗ് ഓഫ് കൊത്തയുടെ പ്രമേയം. തൊണ്ണൂറുകളുടെ മധ്യമാണ് കഥാപശ്ചാത്തലം. ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കുറേനാളുകൾക്ക് ശേഷം മലയാളത്തിൽ വന്ന ​ഗ്യാങ്സ്റ്റർ ഡ്രാമാ ചിത്രംകൂടിയാണ് കിം​ഗ് ഓഫ് കൊത്ത.

തുടക്കം മുതൽ കൊത്തയിലെ രാജാവിന്റെ വിശേഷങ്ങൾ മറ്റു കഥാപാത്രങ്ങളിലൂടെ വിവരിക്കുന്ന രീതിയിലാണ് സംവിധായകനും തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനും അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കാലഘട്ടത്തിലൂടെയാണ് ദുൽഖറിന്റെ കഥാപാത്രം തകർത്താടുന്നത്.
രാജു എന്ന ആദ്യകാല കഥാപാത്രത്തെ നേരിട്ട് സ്ക്രീനിൽ അവതരിപ്പിക്കാതെ മറ്റുകഥാപാത്രങ്ങളിലൂടെ നായകന്റെ വീരകഥകൾ വിവരിക്കുന്നു. അതിനുശേഷം കൊത്തയിലെ രാജാവ് എത്തിത്തുടങ്ങുന്നതോടെ തീയേറ്റർ ഇളകിമറിയുന്നു. ഇതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു എന്നുതന്നെ പറയാം.

​ബന്ധങ്ങൾക്കുളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സ്നേഹവും പ്രണയവും ​സിനിമയിൽ പ്രധാനപ്പെട്ടതാണ്. കൊത്ത രാജുവും കണ്ണനും ടോണിയുമടങ്ങുന്ന സംഘം തമ്മിലുള്ള ബന്ധമാണ് അതിൽ പ്രധാനം. എല്ലാവരുമുണ്ടെങ്കിലും ബന്ധപ്പെട്ടവരിൽനിന്ന് അകന്ന് സുഹൃത്തുക്കൾക്കൊപ്പം ജീവിക്കുന്നയാളാണ് രാജു. അയാളുടെ ന്യായങ്ങളും തീരുമാനങ്ങളും ലംഘിക്കാൻ തുനിഞ്ഞിറങ്ങുന്നവ‌‍ർക്ക് എന്ത് സംഭവിക്കുമെന്ന് സിനിമയിലൂടെ കാണാം. പല സീനുകളിലും ദുൽഖിന്റെ മുഖം മമ്മൂട്ടിയുടേതിന് സമാനമായി കാണാം. ഇന്റർവെല്ലിന് ശേഷമാണ് രാജു മദ്രാസി എന്ന പേരിൽ ദുൽഖർ കൊത്തയിലേക്ക് തിരിച്ചുവരുന്നത്. ഇതോടെ സിനിമ കൂടുതൽ ആവേശംകൊള്ളിക്കുന്നതാകുന്നു.

ഓരോ കഥാപാത്രങ്ങളും മികച്ചുനിൽക്കുന്നു എന്നത് പ്രത്യേകതയാണ്. എതിർചേരിയിലാണെങ്കിലും സൗഹൃദത്തിന് വിലനൽകുന്നതാണ് ദുൽഖറും ഷബീറും അവതരിപ്പിച്ച രാജുവിനും കണ്ണനും എന്ന കഥാപാത്രങ്ങൾ. സിനിമയെ സജീവമാക്കി നിർത്തുന്നതും ഇരുവരുടേയും ഈ ബന്ധമാണ്. കൊത്തയിലെ മുൻരാജാവായിരുന്ന കൊത്ത രവിയായി ഷമ്മി തിലകന്റെ കിടിലൻ പെ‍‌ർഫോമൻസ് ആണ് കാഴ്ചവച്ചത്. ചെമ്പൻ വിനോദിന്റെ രഞ്ജിത്ത് ആകട്ടെ തമാശനിറഞ്ഞ ഡയലോ​ഗുമായി എത്തുന്ന ​ഗുണ്ടയാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കും ചിത്രത്തിൽ ഇടമുണ്ട്. പ്രണയത്തിന്റെയും വേർപാടിന്റെയും മുഖമാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച താരയ്ക്കെങ്കിൽ നൈല ഉഷ അവതരിപ്പിച്ച മഞ്ജുവിലേക്കെത്തുമ്പോൾ പ്രതികാരത്തിന്റേതാകുന്നു. കുട്ടിക്കാളിയെ അവതരിപ്പിച്ച സജിതാ മഠത്തിലും ശ്രദ്ധേയമായി.

പോലീസ് വേഷത്തിലൂടെ മികച്ച പ്രകടനമാണ് പ്രസന്നയും ​ഗോകുൽ സുരേഷും കാഴ്ചവച്ചത്. ശരൺ, സെന്തിൽ കൃഷ്ണ, രാജേഷ് ശർമ, ​ഗോവിന്ദ് കൃഷ്ണ, ടി.ജി. രവി, അനിഖ എന്നിവരും അവരവരുടെ ഭാ​ഗങ്ങൾ മികച്ചതാക്കി. ജേക്സ് ബിജോയിയുടെ പശ്ചാത്തലസം​ഗീതവും രാജശേഖർ, മഹേഷ് മാത്യൂ എന്നിവർ ഒരുക്കിയ ആക്ഷൻ രം​ഗങ്ങളുമാണ് കൊത്ത പൂർണതയിലേക്ക് എത്തിക്കുന്നത്. നിർണായക രം​ഗങ്ങളിലെല്ലാം ചിത്രത്തെ മറ്റൊരുതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതിൽ ജേക്സ് ബിജോയിയുടെ പശ്ചാത്തലസം​ഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. നായകനെ എലിവേറ്റ് ചെയ്തുനിർത്തുന്നതിൽ സം​ഗീതത്തിന് അത്രയും പ്രാധാന്യം നൽകിയിരിക്കുന്നു. നിമീഷ് രവിയുടെ ഛായാ​ഗ്രഹണവും മികച്ചതായി.

കുറച്ചു കാലത്തിന് ശേഷം മലയാളത്തിലെത്തിയ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ കൂടിയായ കിം​ഗ് ഓഫ് കൊത്ത ജനങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പാണ്.

Similar Articles

Comments

Advertismentspot_img

Most Popular