പിഴപ്പലിശ ഇനി വേണ്ട, ബാങ്കുകളോട് ആ‍‌‍ർ.ബി.ഐ

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പ തിരിച്ചടവു മുടക്കുകയോ ചെയ്താൽ അതിന്റെ പേരിൽ വായ്പയെടുത്തവരിൽനിന്ന് ബാങ്കുകളും ധനകാര്യ കമ്പനികളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക്. പകരം അച്ചടക്കനടപടിയെന്ന നിലയിൽ ന്യായമായ രീതിയിൽ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേർത്തുള്ള ‘പിഴപ്പലിശ’രീതി പാടില്ല. ഇത്തരത്തിൽ പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതിൽ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാൻ പാടില്ല. എന്നാൽ, ഇത് വായ്പയുടെ പലിശ കണക്കാക്കുന്ന സാധാരണ നടപടികളെ ബാധിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നു മുതൽ ഇതു പ്രാബല്യത്തിലാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കി.

ധനകാര്യസ്ഥാപനങ്ങൾ വായ്പപ്പലിശയിൽ അധികമായി ഒരു ഘടകവും ചേർക്കാൻ പാടില്ല. ഇക്കാര്യത്തിൽ ആർ.ബി.ഐ.യുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങൾക്ക് പിഴത്തുകയിൽ വ്യത്യാസം പാടില്ല. അതായത്, ഭവന – വാഹന വായ്പകളടങ്ങുന്ന വ്യക്തിഗത വായ്പകൾക്കും വ്യവസായേതര വായ്പകൾക്കും സ്ഥാപനങ്ങളുടെ വായ്പകൾക്കും വ്യത്യാസം പാടില്ലെന്നർഥം.

നിബന്ധനകൾ അറിയിക്കണം

പിഴ നിരക്കുകൾ സംബന്ധിച്ച് ബാങ്കുകൾ, വായ്പാ വ്യവസ്ഥകൾക്കൊപ്പം പ്രധാന നിബന്ധനകളുടെ ഭാഗമായി വ്യക്തമായി കാണുന്നവിധം തെളിമയോടെ രേഖപ്പെടുത്തണം. സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പലിശ നിരക്കുകളും സേവന നിരക്കുകളും സംബന്ധിച്ച ഭാഗത്തും പിഴത്തുക സംബന്ധിച്ച അറിയിപ്പു നൽകണം. സാമ്പത്തിക സേവന കമ്പനികൾ ഇത് പ്രാദേശിക ഭാഷയിൽ വായ്പയെടുക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ നൽകണം. വ്യവസ്ഥാ ലംഘനം സംബന്ധിച്ച് വായ്പയെടുത്തവർക്ക് മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിൽ അതിനൊപ്പം പിഴത്തുക ഈടാക്കുമെന്നും അതിനുള്ള കാരണവും അറിയിക്കണം.

വായ്പ കരാർ പാലിക്കുന്നതിലും വായ്പ തിരിച്ചടയ്ക്കുന്നതിലും അച്ചടക്കം കൊണ്ടുവരുന്നതിനാണ് പിഴ ചുമത്തുന്നത്. ഇത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വരുമാന വർധനയ്ക്കുള്ള ഉപാധിയായി കാണരുത്. മുൻധാരണയനുസരിച്ചുള്ള പലിശമാത്രമേ വായ്പയെടുത്തവരിൽനിന്ന് ഈടാക്കാവൂ. ആർ.ബി.ഐ.യുടെ നിയന്ത്രണത്തിൽ വരുന്ന പല സ്ഥാപനങ്ങളും വായ്പവ്യവസ്ഥകൾ ലംഘിക്കുന്നവരിൽനിന്ന് വായ്പ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയിൽ അധിക പലിശയീടാക്കി വരുമാനം കണ്ടെത്തുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നിർദേശങ്ങളെന്നും ആർ.ബി.ഐ. വ്യക്തമാക്കി. ഇത് പലപ്പോഴും ഉപഭോക്താക്കളുടെ പരാതിക്കും തർക്കത്തിനും ഇടയാക്കിയിട്ടുണ്ടെന്നും ആർ.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular