ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്കു വരാനായിരുന്നു ഇവര്‍ ഇരുന്നത്.
അപകടത്തില്‍ രഘുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. വൈശാഖിനു തലയിടിച്ച് അല്‍പം പരുക്കേറ്റിട്ടുണ്ട്. അപകടം സംഭവിച്ചപ്പോള്‍ രക്ഷപ്പെട്ടെങ്കിലും ഇന്നു രാവിലെയായപ്പോള്‍ ആകെ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്നും കിരണ്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണു നാലു പേരും. ട്രെയിന്‍ മൂന്നുതവണ മറിഞ്ഞെന്ന് കിരണ്‍ പറയുന്നു. അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് കൈകൊണ്ട് തല്ലിപ്പൊട്ടിച്ചാണ്. ഇവര്‍ ഇരുന്ന കോച്ചിന്റെ തൊട്ടുപുറകിലെ കോച്ച് അപകടത്തില്‍ രണ്ടു കഷ്ണമായി. അതിനു മുകളിലൂടെ നടന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. പാടത്തിലൂടെ ഒരു കിലോമീറ്റര്‍ നടന്നശേഷം ഒരു വീട് കണ്ടെന്നും മലയാളികള്‍ പറയുന്നു.
ഗ്രൗണ്ടില്‍ പന്തുരുളും പോലെ അപകടശേഷം അങ്ങോട്ടും ഇങ്ങോട്ടും ഉരുളുകയായിരുന്നെന്നും കിരണ്‍ പറഞ്ഞു. ഇത്രയും വലിയ അപകടമാണ് സംഭവിച്ചതെന്ന് പിന്നീടാണ് അറിഞ്ഞത്. തങ്ങളുടെ ബോഗിയില്‍ മറ്റു മലയാളികളാരും ഉണ്ടായിരുന്നില്ലെന്നും കിരണ്‍ പറയുന്നു.