സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു

തൃശ്ശൂര്‍: ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ് സഹര്‍. ഫെബ്രുവരി 18-ന് രാത്രിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാളെ ഒരുസംഘം ആക്രമിച്ചത്. യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍നിന്നിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തിനുശേഷം വീട്ടിലെത്തിയ സഹര്‍ വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് മാതാവും ബന്ധുക്കളും യുവാവിനെ ആശുപത്രിയിലെത്തിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റ യുവാവ് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേദിവസം പോലീസെത്തി മൊഴിയെടുത്തെങ്കിലും സദാചാരഗുണ്ടാ ആക്രമണമാണെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നടന്നത് സദാചാര ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്.

രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുമണിവരെ യുവാവിനെ ആറംഗസംഘം ആയുധങ്ങളടക്കം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ പ്രതികളിലൊരാളെ സഹര്‍ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആറുപ്രതികളും ഒളിവില്‍പ്പോയിരുന്നു. ഇവരെ ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular