മൃദുഹിന്ദുത്വ പരാമര്‍ശം: ആന്റണിയെ പിന്തുണച്ച് മുരളീധരന്‍, ഇത് സാമുദായികസംഘടനയല്ലെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കെ. മുരളീധരന്‍ എം.പി. ആന്റണിയെ പിന്തുണച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എതിര്‍പ്പുമായി രംഗത്തെത്തി. കോൺഗ്രസിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. രംഗത്തെത്തി. കോൺഗ്രസ് സാമുദായിക സംഘടനയല്ല. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ല. എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്റേത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ചന്ദനക്കുറിയെ മൃദുഹിന്ദുത്വവുമായി ബന്ധിപ്പിക്കുന്നത് ബി.ജെ.പി.യെ സഹായിക്കുമെന്നായിരുന്നു എ.കെ. ആന്റണിയുടെ പ്രസ്താവന.

“മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ’’ – എന്നായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്‌.

ന്യൂനപക്ഷംമാത്രം പോരാ. ജനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷത്തോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തെക്കൂടി മോദിക്കെതിരായ സമരത്തിൽ കൂടെനിർത്താൻ കഴിയണം. അതിന് എല്ലാവരും കുറച്ചുകൂടി ജാഗ്രത പാലിക്കണം. എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ചുനിർത്താൻ കോൺഗ്രസിന് കഴിയണം. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരേപോലെ വിശ്വാസത്തിലെടുക്കാൻ കഴിയണം -ആന്റണി കൂട്ടിച്ചേർത്തു.

ഈ പ്രസ്താവനയുടെ പേരിലാണ് ഇപ്പോൾ കോൺഗ്രസ് രണ്ടുതട്ടിൽ നിൽക്കുന്നത്

Similar Articles

Comments

Advertismentspot_img

Most Popular