എന്‍ഐഎ റെയ്ഡിൽ ഒരാള്‍ കസ്റ്റഡിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തതായി സൂചന

കൊച്ചി : സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ കൊച്ചി എടവനക്കാട് സ്വദേശി മുബാറക് കസ്റ്റഡിയില്‍. വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണു സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ (പിഎഫ്ഐ) രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയത്.
നിരോധനശേഷവും പിഎഫ്ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗമനത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎ ലക്ഷ്യം. രേഖകളും ലഘുലേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 56 ഇടങ്ങളിലായിരുന്നു പുലര്‍ച്ചെ മുതല്‍ റെയ്ഡ്. പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി.

മലപ്പുറത്ത് പിഎഫ്ഐ ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്‍റെ സഹോദരന്‍ ഒ.എം.എ. ജബ്ബാര്‍, ദേശീയ ട്രെയിനര്‍ ഇബ്രാഹിം, മുന്‍ സംസ്ഥാന ചെയര്‍മാന്‍ പി.അബ്ദുല്‍ ഹമീദ്, പത്തനംതിട്ടയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി നിസാര്‍, ആലപ്പുഴയില്‍ മുന്‍ സംസ്ഥാന സമിതി അംഗം സിറാജ്, തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന സമിതി അംഗം സുല്‍ഫി എന്നിവരുടെ വീടുകളിലും മറ്റിടങ്ങളില്‍ പ്രാദേശിക നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular