റെയ്ഡ് വിവരം ചോർന്നു: എൻ.ഐ.എ. സംഘം എത്തുംമുമ്പേ നേതാക്കൾ മുങ്ങി

പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയം.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോർന്നത് ​ഗൗരവമായി കണ്ട എൻ.ഐ.എ. വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

അതീവഗൗരവ സ്വഭാവമുള്ള വിവര ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സി.ആർ.പി.എഫിന്റെ പിന്തുണയോടു കൂടിയാണ് എൻ.ഐ.എ. സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് പ്രാദേശിക പോലീസിൽ വിവരം അറിയിച്ചു കൊണ്ട് അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ടയിലാണ് വിവര ചോർച്ച ഉണ്ടായിട്ടുള്ളത്.

ജില്ലയിൽ മൂന്നിടങ്ങളിൽ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കൾ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേർ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാൾ രാവിലെ എൻ.ഐ.എ. സംഘം വീട്ടിൽ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.

മൂന്ന് ഇടങ്ങളിലാണ് പത്തനംതിട്ട ജില്ലയിൽ പരിശോധന ഉണ്ടാകുന്നത്. പത്തനംതിട്ട നഗരസഭാ പ്രദേശത്ത് പി.എഫ്.ഐയുടെ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റാഷിദിന്റെ വീട്ടിലും സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. നിസാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ വീട്ടിൽ നിന്ന് പോയിരുന്നുവെന്നാണ് ബന്ധുക്കൾ എൻ.ഐ.എയോട് വ്യക്തമാക്കിയത്. കോഴിക്കോട് കേന്ദ്രമാക്കി പുതിയ ജോലിയിൽ പ്രവേശിച്ചുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

അബ്ദുൾ റാഷിദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് എൻ.ഐ.എ. സംഘം എത്തുമ്പോൾ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂർ സ്വദേശിയും പി.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നയാളുമായ സജീവിന്റെ വീട്ടിൽ റെയ്ഡിനെത്തുമ്പോൾ ഇയാളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തിൽ വിവരം ചോർന്നു എന്ന സംശയം ബലപ്പെടാനുള്ള കാരണം.

അതേസമയം സംസ്ഥാനത്ത് മറ്റിടങ്ങളിൽ റെയ്ഡിന് എൻ.ഐ.എ. സംഘം എത്തിയ സമയത്ത് പ്രധാനപ്പെട്ട നേതാക്കൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം

Similar Articles

Comments

Advertismentspot_img

Most Popular