ഭിന്നിപ്പിക്കരുത്, എന്തു ചെയ്താലും പോസിറ്റീവായിരിക്കും; പഠാന്‍ വിവാദത്തിനിടെ ഷാരൂഖ് ഖാന്‍

സങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പഠാന്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദിയില്‍ വച്ചായിരുന്നു നടന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നതിന് അപ്പുറത്ത് സിനിമയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയും സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനവും മനുഷ്യാനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രകടനസ്ഥലമായി മാറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളാണ് പലപ്പോഴും പൊതുബോധം സൃഷ്ടിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം ചലച്ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സിനിമയ്ക്ക് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമേറെയാണെന്നും വലിയ പങ്കുവഹിക്കാനാകുമെന്നും ഞാന്‍ കരുതുന്നു.

സങ്കുചിതമായ ചില കാഴ്ചപ്പാടുകളും ചിന്തകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുകയും അത് മനുഷ്യന്റെ ചിന്തകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ചിലയിടത്ത് അത് സാമൂഹിക മാധ്യമ ഉപഭോഗം നെഗറ്റീവാക്കി വളര്‍ത്തുകയും അതുവഴി അതിന്റെ വാണിജ്യമൂല്യം വര്‍ധിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അത്തരക്കാരുടെ ശ്രമങ്ങളാണ് പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതിലും ഭിന്നിപ്പിക്കുന്നതിലേക്കും നയിക്കുന്നത്. അങ്ങനെ ചെയ്യരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും.

വ്യത്യസ്ത സംസ്‌കാരത്തിലും നിറത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ പരസ്പരം മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സിനിമയെ ഉപയോഗിക്കുക. അത് ഭാവി തലമുറയ്ക്കായി മികച്ച ലോകം കെട്ടിപ്പടുക്കാന്‍ സഹായിക്കും.

ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പഠാന്‍ സിദ്ധാര്‍ത്ഥ് ആനന്ദയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഒരു ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിവാദം തുടങ്ങുന്നത്. ദീപിക ധരിച്ച ബിക്കിനിയെ ചൊല്ലി ചിത്രത്തിനെതിരേ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഷാരുഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചു. സിനിമയിലെ ഷോട്ടുകള്‍ മാറ്റിയില്ലെങ്കില്‍ മധ്യപ്രദേശില്‍ സിനിമ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ജനുവരി 25നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular