ലോകകപ്പില്‍ ഇന്ന് ; ജയം തുടരാന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തില്‍ വെയില്‍സ് ഇറാനെ നേരിടും. യുഎസ്എയുമായി ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഗാരേത് ബെയിലിന്റെ വെയില്‍സ് ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. എതിരാളികളായ ഇറാന്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി വമ്പന്‍ തോല്‍വി വഴങ്ങിയതിനാല്‍ ഇന്ന് ജയം അനിവാര്യമാണ്.

ആതിഥേയരായ ഖത്തര്‍ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ കരുത്തന്‍മാരായ സെനഗലാണ് എതിരാളികള്‍. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സ് എക്വഡോറിനെതിരെ ബൂട്ട് കെട്ടുക. വിജയത്തുടര്‍ച്ചയും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ലക്ഷ്യമിട്ട് വമ്പന്‍മാരായ ഇംഗ്ലണ്ടും ഇന്ന് മൈതാനത്തിറങ്ങും.

ആദ്യകളിയില്‍ ഇറാനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബി-ലെ രണ്ടാമങ്കത്തില്‍ അമേരിക്കയ്ക്കെതിരേ ഇറങ്ങുന്നത്. യുവശക്തിയിലാണ് ഇംഗ്ലണ്ടിന്റെ വിശ്വാസം. മധ്യനിരയില്‍ ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റത്തില്‍ ബുക്കയോ സാക്ക, റഹീം സ്റ്റെര്‍ലിങ് എന്നിവരും പുറത്തെടുത്ത പ്രകടനം പരിശീലകന്‍ ഗാരേത് സൗത്ത്‌ഗേറ്റിനെ സന്തോഷിപ്പിക്കുന്നതാണ്.

ഇറാനെതിരേ പ്രതിരോധനിരയും നന്നായി കളിച്ചിരുന്നു. വെയ്ല്‍സിനെതിരേ സമനിലയില്‍ കുരുങ്ങിയതിന്റെ ക്ഷീണത്തിലാണ് അമേരിക്ക. മികച്ച ആക്രമണ ഫുട്ബോളാണ് ടീം പുറത്തെടുത്തത്. തിമോത്തി വിയ, ജോഷ് സാര്‍ജന്റ്-ക്രിസ്റ്റ്യന്‍ പുലിസിച്ച് എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിര മികച്ചതാണ്. മധ്യനിരയില്‍ വെസ്റ്റേണ്‍ മാക് കെന്നി, ടെയ്ലര്‍ ആഡംസ് എന്നിവരുടെ പ്രകടനം നിര്‍ണായകമാകും.

അതേസമയം അമേരിക്കയ്‌ക്കെതിരേ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് അറിയിച്ചു. ഇറാനെതിരായ ആദ്യമത്സരത്തില്‍ കെയ്നിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. സ്‌കാനിങ്ങില്‍ പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തി.

ആദ്യകളിയില്‍ സെനഗലിനെ നെതര്‍ലന്‍ഡ്‌സ് കീഴടക്കിയത് കഷ്ടിച്ചാണ്. എക്വഡോറാകട്ടെ ആതിഥേയരായ ഖത്തറിനെ ആധികാരികമായിതോല്‍പ്പിച്ചു. ഗ്രൂപ്പ് എ-യിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍വരുമ്പോള്‍ പോരാട്ടം പൊടിപാറും. വെള്ളിയാഴ്ച രാത്രി 9.30-നാണ് മത്സരം. 3-4-1-2 ശൈലിയില്‍ തന്നെയാകും വാന്‍ഗാല്‍ ഡച്ച് ടീമിനെ ഇറക്കുന്നത്.

മുന്നേറ്റത്തില്‍ മെംഫീസ് ഡീപെ ആദ്യഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ഫോമിലുള്ള കോഡി ഗാക്പോ മുന്നേറ്റത്തിനും മധ്യനിരയ്ക്കും ഇടയില്‍ കളിക്കും.

ഖത്തറിനെതിരേ ഇരട്ടഗോള്‍ നേടിയ നായകന്‍ എന്നെര്‍ വലന്‍സിയയുടെ ഫോമിലാണ് എക്വഡോര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. എന്നാല്‍, വലന്‍സിയക്ക് പരിക്കുള്ളത് മാനേജ്മെന്റിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 4-4-1-1 ശൈലിയിലാകും ടീം കളിക്കുക. ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത തുറന്നുകിട്ടും.

Similar Articles

Comments

Advertismentspot_img

Most Popular