ലോകം മുഴുവനുമുള്ള അർജന്റീന, മെസി ആരാധകരെ നെഞ്ചുപിളർത്തിയാണ് സാലെം അൻ ഡവ്സാരിയുടെ രണ്ടാം ഗോൾ വലകുലുക്കിയത്. ലോക റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദി അറേബ്യ 2–1 ന് അർജന്റീനയെ പരാജയപ്പെടുത്തിയപ്പോൾ അത് ലോകകപ്പിലെ ആദ്യ അട്ടിമറിയായി. അപ്രതീക്ഷിത പരാജയം അർജന്റീനയെ നിരാശരാക്കി. എന്നാൽ സൗദിയിൽ അടങ്ങാത്ത ആഘോഷമാണ്. പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് വിജയത്തെ വരവേറ്റത്.
അവധി മാത്രമല്ല കളിക്കാർക്കെല്ലാം റോൾസ് റോയ്സ് കാർ സമ്മാനിക്കുമോ എന്ന് ആകാംക്ഷയിലാണ് സമൂഹമാധ്യമങ്ങൾ. 1994 ലെ ലോകകപ്പിൽ ബൽജിയത്തിന് എതിരെ സെയിദ് അൽ ഓവ്എയ്റൻ നേടിയ അദ്ഭുത ഗോളിന് ശേഷം രാജാവ് റോൾസ് റോയ്സ് കാർ സമ്മാനിച്ചിരുന്നു. ഏറ്റവും മഹത്തായ ലോകകപ്പ് ഗോളുകളിലൊന്ന് എന്ന പേരും ആ ഗോളിന് ലഭിച്ചിരുന്നു. ഈ സംഭവമാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഗോൾ അടിച്ചവർക്ക് മാത്രമല്ല, അർജന്റീനയെ പിടിച്ചു കെട്ടിയ എല്ലാവർക്കും പുതിയ റോൾസ് റോയ്സ് ഫാന്റം കാർ സമ്മാനിക്കുമോ എന്നാണ് സമൂഹമാധ്യമങ്ങളിലെ സൗദി ആരാധകരുടെ ചോദ്യം.