കാല്‍പന്തുകളിയുടെ മഹാമേളയ്ക്ക് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ചരിത്രത്തിലേക്ക് പന്തുതട്ടാന്‍ ഖത്തര്‍

ദോഹ: കാല്‍പന്തുകളിയുടെ മഹാമേളയ്ക്ക് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരാധകരുടെ മുഴുവന്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ലോകകപ്പിന്റെ ആദ്യ വിസില്‍ മുഴങ്ങും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കയില്‍ നിന്നുള്ള എക്വഡോറും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം ഞായറാഴ്ച്ച (ഇന്ന് )രാത്രി 9.30നാണ് കിക്കോഫ്.

ചരിത്രത്തിലേക്ക് പന്തുതട്ടാനാണ് ഖത്തര്‍ ഇറങ്ങുന്നത്. ആദ്യമായാണ് രാജ്യം ലോകകപ്പില്‍ കളിക്കുന്നത്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തര്‍. ആദ്യ കളിയില്‍ ജയമോ സമനിലയോ നേടാന്‍ കഴിഞ്ഞാല്‍ ടീമിന് വലിയനേട്ടമാകും. ഫെലിക്‌സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രധാന പ്രതീക്ഷ സൂപ്പര്‍ സ്‌െ്രെടക്കര്‍ അല്‍മോയ്‌സ് അലിയിലാണ്. രാജ്യത്തിനായി 42 ഗോളുകളാണ് അലി നേടിയിട്ടുള്ളത്. 5 32 ശൈലിയിലാകും ടീം കളിക്കാന്‍ സാധ്യത.

2019 ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ഖത്തര്‍ അന്ന് ഫൈനലില്‍ ജപ്പാനെയാണ് തോല്‍പ്പിച്ചത്. സമീപകാലത്ത് മികച്ച ഫോമിലാണ് ടീം പന്തു തട്ടുന്നത്. ലോകകപ്പിന് മുന്നോടിയായി കളിച്ച അവസാന നാല് സന്നാഹ മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയങ്ങളാണ് ടീം നേടിയത്.

തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് എക്വഡോറിന്റെ വരവ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല. 442 ശൈലിയിലാണ് പരിശീലകന്‍ ഗുസ്താവോ അല്‍ഫറോ ടീമിനെ ഇറക്കാന്‍ സാധ്യത. സൂപ്പര്‍ താരം എനര്‍ വലന്‍സിയയും മൈക്കല്‍ എസ്ട്രാഡയുമാകും മുന്നേറ്റത്തില്‍. മോയ്‌സെ കായ്‌സെഡോയും കാര്‍ലോസ് ഗ്രുസോയും മധ്യനിരയ്ക്ക് നേതൃത്വം നല്‍കും. എക്വഡോര്‍ ടീമിന്റെ ശരാശരി പ്രായം 25 വയസ് മാത്രമാണ്.

ഫിഫ റാങ്കിങ്ങില്‍ 44ാം സ്ഥാനത്താണ് ടീം. ഖത്തറിനേക്കാള്‍ ആറ് സ്ഥാനങ്ങള്‍ മുന്നില്‍. അതും ലാറ്റിനമേരിക്കന്‍ ടീമിന് കരുത്തേകും. എന്നാല്‍ ലോകകപ്പിലേക്കുള്ള അവരുടെ യാത്ര അത്ര സുഖകരമായിരുന്നില്ല. കോടതി കയറി ഇറങ്ങിയാണ് അവര്‍ ഖത്തറിലെത്തിയത്. എക്വഡോറിനെതിരേ ചിലിയും പെറുവുമാണ് പരാതി നല്‍കിയത്. യോഗ്യതയില്ലാത്ത ബൈറന്‍ ഡേവിഡ് കസ്റ്റിലോ എന്ന താരത്തെ കളത്തിലിറക്കി എന്നായിരുന്നു ആരോപണം. കായിക കോടതി എക്വഡോറിന് ലോകകപ്പ് കളിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഫിഫ പിഴ വിധിച്ചു. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ എക്വഡോറിന് മൂന്ന് പോയിന്റ് പെനാല്‍റ്റിയായി നല്‍കേണ്ടിവരും.

ഇരുവരും ഇതുവരെ മൂന്നു മത്സരങ്ങളിലാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഓരോ വിജയവും സ്വന്തമാക്കി. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular