യുവനടന്റെ പരാതിക്കു പിന്നാലെ അശ്ലീല ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് നിർമാതാക്കൾ

കൊച്ചി: കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിക്കു പിന്നാലെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് നിർമാതാക്കൾ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചതിച്ചെന്നായിരുന്നു പരാതി.

മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യർഥന.

പ്ലേസ്റ്റോറിൽ ലഭ്യമാകുന്ന, പ്രായപൂർത്തിയായവർക്കുവേണ്ടിയുള്ള ഒരു സിനിമാ പ്ലാറ്റ്ഫോമിലേക്കുവേണ്ടിയാണ് യുവാവിനെ അഭിനയിപ്പിച്ചത്. ഒരു സീരിസിൽ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് സുഹൃത്തുമായി ബന്ധപ്പെട്ട ശേഷം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.

അഭിയിക്കില്ലെന്നു പറഞ്ഞപ്പോൾ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ചിത്രീകരണം കഴിഞ്ഞ ശേഷം പ്രതിഫലമായി 20,000 രൂപ ഓൺലൈൻ പേയ്മെന്റ് വഴി നൽകിയിരുന്നു. എന്നാൽ, ഒപ്പുവച്ച കരാര്‍ രണ്ടുദിവസത്തിനകം നൽകാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. കരാർ ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല. ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് യുവാവ് പറയുന്നു. ഇന്നലെ ആത്മഹത്യക്കു ശ്രമിച്ചു. പൊലീസാണു പിന്തിരിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.

മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ഇറക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ടെലഗ്രാമിൽ ഉൾപ്പെടെ എത്തിയിരുന്നു. ഇതേത്തുടർന്ന് വീട്ടുകാരും യുവാവിനെ കയ്യൊഴിഞ്ഞു. കൊച്ചിയിൽ സുഹ‍ൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോൾ കഴിയുന്നത്. കഴിഞ്ഞ ഏഴു വർഷമായി സിനിമാ–സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് യുവാവ്.

Similar Articles

Comments

Advertismentspot_img

Most Popular