തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധം; ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി റിപ്പോർട്ട് നല്‍കി

ന്യൂഡൽഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.

കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂർണമായും ഹിന്ദിയിലാക്കണമെന്നാണ് ആവശ്യം. ഇത്തരത്തിൽ 112 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

പ്രധാന നിർദേശങ്ങൾ

* കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിൽ ഇംഗ്ലീഷിനുപകരം ഹിന്ദി നിർബന്ധമാക്കണം. ചോദ്യപേപ്പർ ഹിന്ദിയിലാകണം. നിയമനത്തിൽ ഹിന്ദി പ്രവീണ്യമുള്ളവർക്ക് മുൻഗണന നൽകണം.

* ഓഫീസുകളിൽ അത്യാവശ്യത്തിനുമാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.

* എഴുത്തുകൾ, ഫാക്സ്, ഇ-മെയിൽ, ക്ഷണക്കത്തുകൾ എന്നിവ ഹിന്ദിയിലാകണം

* ഹിന്ദിഭാഷാ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അനുകൂല്യങ്ങൾ അനുവദിക്കണം.

* ഹിന്ദിയിൽ നടപടിക്രമങ്ങൾ നടത്താത്ത ഉദ്യോഗസ്ഥരിൽനിന്ന് വിശദീകണം തേടണം. മറുപടി തൃപ്തികരമല്ലെങ്കിൽ ഇക്കാര്യം ജീവനക്കാരുടെ വാർഷിക പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ, സാങ്കേതിക-ഇതര കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ ഹിന്ദിപഠനം നിർബന്ധമാക്കണം. ആശയവിനിമയവും ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷ് ഓപ്ഷണലായി തുടരും.

കോടതിഭാഷ

ഹിന്ദി സംസാരഭാഷയായുള്ള സംസ്ഥാനങ്ങളിലെ ഹൈക്കോടതി, കീഴ്‌ക്കോടതി നടപടികൾ ഹിന്ദിയിലാകണം. സർക്കാർ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയിൽ പ്രസിദ്ധീകരിക്കണം. ബാക്കി പ്രാദേശിക ഭാഷകളിലാകണം. പത്രങ്ങളിൽ ഹിന്ദി പരസ്യങ്ങൾ ഒന്നാം പേജിൽ വലുതായും ഇംഗീഷ് പരസ്യങ്ങൾ ചെറുതായി ഉൾപ്പേജുകളിലും നൽകിയാൽ മതി. വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഹിന്ദിയിലാകണം നടപടിക്രമങ്ങൾ. ഐക്യരാഷ്ട്രസഭയിൽ ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കണം.

Similar Articles

Comments

Advertismentspot_img

Most Popular