ഹര്‍ത്താല്‍: 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്ആര്‍ടിസി

കൊച്ചി: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 5.06 കോടി രുപയാണെന്ന് കോര്‍പറേഷന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ത്താലിനിടെയുള്ള ആക്രമണത്തില്‍ 58 ബസുകള്‍ക്ക് കേടുപാട് സംഭവിച്ചു. റിപ്പയറിംഗ് ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ക്ക് 9.71 ലക്ഷം രൂപ വരുമെന്ന് രേഖാമൂലം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഷെഡ്യൂള്‍ റദ്ദ് ചെയ്തതിന്റെ പേരില്‍ വലിയ നഷ്ടമുണ്ടായി. തലേ ദിവസം ആറ് കോടിയിലേറെ രൂപയും ഹര്‍ത്താലിന്റെ പിറ്റേന്ന് അഞ്ച് കോടിയിലേറെ രൂപയും വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ ദിവസം 2.13 കോടി രൂപയാണ് ലഭിച്ചത്. 3. കോടി 95 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

കേടുപാട് സംഭവിച്ച ബസുകള്‍ റിപ്പയറിംഗിന് വര്‍ക്ക്‌ഷോപ്പില്‍ കയറ്റുന്നതിനാല്‍ ആ ദിവസത്തെ ഷെഡ്യുള്‍ മുടങ്ങുന്നതിന്റെ നഷ്ടവും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ 14 ലക്ഷം ഈടാക്കണമെന്നും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടുന്നു.

71 ബസുകള്‍ക്ക് കേടുപാട് പറ്റിയെന്നായിരുന്നു ആദ്യം കോടതിയെ അറിയിച്ചത്. ബസുകള്‍ ആക്രമിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular