ഗഹ്‌ലോത്‌ കേരളത്തിലേക്ക്, മുഖ്യമന്ത്രി പദം വിട്ട് അധ്യക്ഷനാകാനില്ലെന്ന് നിലപാട്‌

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി പദം രാജിവെയ്ക്കില്ലെന്ന് നിലപാടുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്‌. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഗഹ്‌ലോത്‌ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി പദം എതിരാളിയായ സച്ചിന്‍ പൈലറ്റിന് കൈമാറേണ്ടി വന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ഗഹ്‌ലോത്‌ നിലപാട് കടുപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടി വന്നാലും നിങ്ങളില്‍ നിന്ന് അധികം ദൂരത്തേക്ക് പോകില്ലെന്നും എംഎല്‍എമാര്‍ക്ക് ഗഹ്‌ലോത്‌ ഉറപ്പുനല്‍കിയതായാണ് വിവരം. സച്ചിന്‍ പൈലറ്റിന് അധികാരം പൂര്‍ണമായും കൈമാറി ദേശീയ തലത്തിലേക്ക് ചുവടുമാറ്റാന്‍ ഗഹ്‌ലോതിന് വൈമുഖ്യമുണ്ട്. അതിനാല്‍ അധ്യക്ഷനായാലും മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ തന്നെ അനുവദിക്കണമെന്ന ഉപാധി ഗഹ്‌ലോത്‌ നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍വെച്ചിരുന്നു.

ഇതിനിടെ രാഹുല്‍ ഗാന്ധിയെ തന്നെ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിക്കാനും ഗെഹ്‌ലോട്ട് ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ബുധനാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗഹ്‌ലോത്‌ വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുലുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹമെത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടും. രാഹുല്‍ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പാര്‍ട്ടി പറയുന്ന പോലെ താന്‍ ചെയ്യുമെന്നും ഗഹ്‌ലോത്‌ എംഎല്‍എമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സോണിയതന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്നും താന്‍ മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം വര്‍ക്കിങ് പ്രസിഡന്റിന്റെ ജോലിചെയ്‌തോളാമെന്ന നിര്‍ദേശവും ഗഹ്ലോത് മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന. രാജസ്ഥാനില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തന്റെ പ്രതിനിധിയെത്തന്നെ ഉറപ്പാക്കണമെന്നും ഗഹ്ലോത് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു. വിശ്വസ്തനെങ്കിലും 71-കാരനായ ഗഹ്ലോതിന്റെ ഉപാധികളെ കരുതലോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. മുമ്പ് സര്‍ക്കാരിനെ വീഴ്ത്തുന്ന സ്ഥിതിയിലേക്ക് കലാപം നയിച്ച സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് നേരത്തേ അനുനയിപ്പിച്ചത് അവസരം വരുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ്. പൈലറ്റിനെ ഒഴിവാക്കി മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ അത് രാജസ്ഥാനില്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിതെളിക്കും.

Similar Articles

Comments

Advertismentspot_img

Most Popular