ഡി.എന്‍.എ പിരിശോധന നീക്കം : കുറ്റിക്കാട്ടിലുപേക്ഷിച്ച കുഞ്ഞിന്റെ അമ്മ താന്‍ തന്നെയെന്ന് യുവതിയുടെ കുറ്റസമ്മതം

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാതശിശുവിന്റെ അമ്മ താന്‍ തന്നെയെന്ന് ഒടുവില്‍ യുവതിയുടെ കുറ്റസമ്മതം. പോലീസ് ഡി.എന്‍.എ. പരിശോധന നടത്താനുള്ള നീക്കമാരംഭിച്ചതോടെയാണു യുവതി കുറ്റം സമ്മതിച്ചത്. രണ്ടുദിവസമായി ആശുപത്രി അധികൃതരുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി.

തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിളുകള്‍ ശേഖരിക്കാന്‍ പോലീസ് നടപടിയെടുത്തിരുന്നു. ഈ സമയത്താണ് കുഞ്ഞ് തന്റേതാണെന്നു യുവതി പോലീസിനോടു പറഞ്ഞത്. ലേബര്‍ റൂമിലുള്ള യുവതിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ഇതിനുശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.

വെള്ളിയാഴ്ചയാണ് തുമ്പോളി വികസനം ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി താമസിച്ചിരുന്ന വീടിനോടുചേര്‍ന്നാണ് ഈ കുറ്റിക്കാട്. ഇതിന് ഒരുമണിക്കൂര്‍മുമ്പ് രക്തസ്രാവത്തിനു ചികിത്സതേടി യുവതി കടപ്പുറം വനിതാ ശിശു ആശുപത്രിയിലെത്തി. ഇതോടെയാണ് സംശയമുയര്‍ന്നത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, രണ്ടരക്കിലോയുള്ള സ്‌റ്റോണാണെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല. അവരും നിലപാടില്‍ ഉറച്ചുനിന്നു.

ഇതിനിടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്നു പോലീസിനോടാവശ്യപ്പെട്ടു. ഇതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമായത്. ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിക്കാന്‍ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം അമ്മ താന്‍ തന്നെയെന്നു യുവതി സമ്മതിച്ചെങ്കിലും കുറ്റിക്കാട്ടിലുപേക്ഷിച്ച കുഞ്ഞിനെ കിട്ടണമെങ്കില്‍ ഒരുപാട് കടമ്പകടക്കേണ്ടിവരും. നിലവില്‍ യുവതി കുറ്റക്കാരിയാണ്. അതിനാല്‍ നിയമനടപടി നേരിടേണ്ടിവരും. കോടതിയായിരിക്കും കുട്ടിയെ അമ്മയോടൊപ്പം വിടണോ വേണ്ടയോ എന്നു തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമ്പോള്‍ ശിശുക്ഷേമസമിതി ആശുപത്രിയില്‍നിന്ന് ഏറ്റെടുക്കും. ശിശുപരിചരണകേന്ദ്രത്തിലായിരിക്കും കുഞ്ഞുവളരുക.

Similar Articles

Comments

Advertismentspot_img

Most Popular