തിരുവനന്തപുരം: മധ്യതെക്കന്‍ കേരളത്തില്‍ അതിശക്തമായമഴ തുടരുന്നതിനിടെ, നാലുദിവസം കൂടി അതിതീവ്രമഴ മുന്നറിയിപ്പ്. രണ്ട് പ്രളയങ്ങളുടെ ഓര്‍മയില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണസേന(എന്‍.ഡി.ആര്‍.എഫ്)യുടെ കൂടുതല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്.
മധ്യതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണു നിലവില്‍ കനത്തമഴയ്ക്കു കാരണം. ഇത് ന്യൂനമര്‍ദമാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടല്‍ക്ഷോഭവും രൂക്ഷമായി.
ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ അടുത്ത നാലുദിവസം കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ പാറഖനനവും വിനോദസഞ്ചാരവും വിലക്കി. മലയോരമേഖലകളില്‍ രാത്രിയാത്രാവിലക്കുമുണ്ട്.
ആലപ്പുഴ ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാരവള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍ (ജലഗതാഗതവകുപ്പ് ബോട്ട് ഒഴികെ), , ചെറുവള്ളങ്ങള്‍ എന്നിവയിലുള്ള യാത്ര നാളെ അര്‍ധരാത്രിവരെ നിരോധിച്ചു. മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
ജില്ലകളിലെ ജാഗ്രതാനിര്‍ദേശം
റെഡ് അലെര്‍ട്ട്
ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
നാളെ: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മറ്റന്നാള്‍: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ഓറഞ്ച് അലെര്‍ട്ട്
ഇന്ന്: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
നാളെ: തിരുവനന്തപുരം, കണ്ണൂര്‍
മറ്റന്നാള്‍: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
അഞ്ചിന്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
യെലോ അലെര്‍ട്ട്
ഇന്ന്: വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
നാളെ: കാസര്‍ഗോഡ്
മറ്റന്നാള്‍: തിരുവനന്തപുരം, കൊല്ലം
അഞ്ചിന്: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
8 ജില്ലകളില്‍ ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും ബോര്‍ഡ്, പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല.
മഹാത്മാഗാന്ധി സര്‍വകലാശാലയും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മഹാത്മാഗാന്ധി സര്‍വകലാശാല പുതിയ പരീക്ഷാ തീയതി പിന്നീടറിയിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്നത്തെ പരീക്ഷ നാലിനു നടത്തും.