സുപ്രീം കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടി? തുടരന്വേഷണം വേണ്ടെന്നു പറയാന്‍ കോടതികള്‍ക്ക് അധികാരമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതു തിരിച്ചടിയാകുമോയെന്ന് റിപ്പോര്‍ട്ട്. വിചാരണ വൈകുന്നതു ചൂണ്ടിക്കാട്ടി നേരത്തെ സമീപിച്ചപ്പോള്‍ ആറുമാസംകൂടി നീട്ടിക്കൊടുക്കുകയാണു സുപ്രീം കോടതി ചെയ്തത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനുപയോഗിക്കുന്നതു തടയണമെന്നും ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നുമാണ് ദീലീപിന്റെ ആവശ്യം.

എന്നാല്‍ സ്ത്രീപീഡനക്കേസില്‍ ശക്തമായ നിലപാടാണു സുപ്രീം കോടതി സ്വീകരിച്ചുവരുന്നത്. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ കഴിഞ്ഞദിവസം വിരമിച്ചു. ഇനി പുതിയ ബെഞ്ചാവും കേസ് പരിഗണിക്കുക. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശപ്രകാരമാണു ദിലീപിന്റെ നീക്കം.

ദിലീപിന്റെ ഹര്‍ജിയില്‍ വാദം കേട്ടശേഷമാകും പ്രത്യേകാനുമതി ഹര്‍ജി അനുവദിക്കുന്നതില്‍ കോടതി തീരുമാനമെടുക്കുക. തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍, പാടില്ലെന്നു പറയാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നു സുപ്രീം കോടതിയുടെതന്നെ വിധികളും റൂളിങ്ങുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ക്കുക. തുടരന്വേഷണം പാടില്ലെന്നു പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നാവും വാദം. വിചാരണത്തടവുകാരനല്ലാത്തതിനാല്‍ വിചാരണ വൈകുന്നതില്‍ ദിലീപിനു മറ്റു തടസങ്ങളില്ലെന്നതും ചൂണ്ടിക്കാട്ടും. ഹര്‍ജി തള്ളുന്നപക്ഷം സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം ദിലീപ് വീണ്ടും ഉന്നയിച്ചേക്കും.

അതിജീവിതയുടെയും മുന്‍ഭാര്യയുടെയും അടുത്ത സുഹൃത്തായ ഉന്നത പോലീസ് ഓഫീസറാണ് തന്നെ ഈ കേസില്‍ കുടുക്കിയതെന്നാണ് ദിലീപിന്റെ ആരോപണം. ഓഫീസര്‍ നിലവില്‍ ഡി.ജി.പി. റാങ്കിലാണ്. അതിനാല്‍, നിഷ്പക്ഷ അന്വേഷണം സാധിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാതിരിക്കാന്‍ വിചാരണക്കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍, ഇതിനുള്ള തെളിവുകള്‍ കൂടി ദിലീപിനു ഹാജരാക്കേണ്ടി വരും. തനിക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത വ്യക്തികളെയാണ് ഇപ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായും അതിജീവിതയുടെ വക്കീലായും നിയമിച്ചിരിക്കുന്നതെന്ന വാദം ദിലീപ് ഉന്നയിക്കും.

Similar Articles

Comments

Advertismentspot_img

Most Popular