തൊഴിൽ റിക്രൂട്ട്മെന്റിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി; ഐഎസ് ബന്ധം അന്വേഷിക്കാൻ എൻഐഎ

കൊച്ചി: തൊഴില്‍ റിക്രൂട്ട്മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയെ കണ്ടെത്താന്‍ എന്‍.ഐ.എ. മനുഷ്യക്കടത്തിലെ മുഖ്യ കണ്ണിയായ കണ്ണൂര്‍ സ്വദേശി മജീദിന് ഐ.എസുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. അന്വേഷണം. കൊച്ചിയില്‍നിന്നു ജോലിക്കായി കുവൈത്തിലെത്തിച്ച സ്ത്രീ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പിന്നാലെ മാവേലിക്കരയില്‍നിന്നുള്ള യുവതിയെ വിദേശത്തേക്കു കടത്തിയതായും സൂചനയുണ്ട്. എറണാകുളത്തുനിന്ന് ഹിന്ദി സംസാരിക്കുന്ന ഒരു യുവതിയെ കടത്തിയതായും സംശയമുണ്ട്.

കേരളത്തില്‍നിന്ന് ഏതെങ്കിലും സ്ത്രീകളെ ഐ.എസ്. ക്യാമ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. വിദേശത്തുള്ള മജീദിനെ നാട്ടിലെത്തിക്കാന്‍ എംബസിയുടെ സഹായത്തോടെയാണ് എന്‍.ഐ.എ. ശ്രമിക്കുന്നത്. ജോലി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മജീദ് പറ്റിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം എന്‍.ഐ.എ. അന്വേഷണം തുടങ്ങിയിരുന്നു.

കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലി തരാമെന്നു പറഞ്ഞാണ് മജീദ് ഇവരെ കുവൈത്തിലെത്തിച്ചത്. പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നെങ്കിലും യുവതിക്കു ശമ്പളമൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ അന്വേഷിച്ചപ്പോഴാണ് യുവതിയെ പത്തു ലക്ഷത്തോളം രൂപയ്ക്ക് അവിടത്തെ വിദേശി കുടുംബത്തിനു വിറ്റതായി അറിയുന്നത്.

ചതി മനസ്സിലാക്കിയ യുവതി ഇക്കാര്യങ്ങളെല്ലാം നാട്ടിലെ കുടുംബത്തെ അറിയിച്ചു. രാവിലെ മുതല്‍ അര്‍ധരാത്രി വരെ പണിയെടുപ്പിക്കുന്നതിനാല്‍ വലിയ ക്ഷീണിതയാണെന്നും യുവതി പറഞ്ഞിരുന്നു. ഇതറിഞ്ഞ് യുവതിയെ നാട്ടില്‍ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ട കുടുംബത്തോട് മജീദ് വീണ്ടും പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ യുവതിയെ ഐ.എസ്. ക്യാമ്പില്‍ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

മജീദിനൊപ്പം എറണാകുളം സ്വദേശിയായ അജുമോനാണ് റിക്രൂട്ട്മെന്റിനു നേതൃത്വം നല്‍കുന്നതെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular