തുടരന്വേഷണം തടയണം ; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസില്‍ തുടരന്വേഷണം നടത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .

ആറുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഒരു മാസത്തിനുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാനാണ് നേരത്തെ വിചാരണ കോടതി അന്വേഷണസംഘത്തിനോട് നിര്‍ദേശിച്ചിരുന്നത്.

അതേസമയം ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കാന്‍ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാവും പരിശോധന നടത്തുക. കോടതിയില്‍വച്ച് ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണം എന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളി.

ഫോണുകള്‍ വിചാരണ കോടതിയില്‍വച്ച് തുറക്കേണ്ടെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചത്. ഈ നിലപാട് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധാരണ നിലയില്‍ ആറു ദിവസത്തിന് ശേഷമായിരിക്കും ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുക.

വധ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഈ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണിലൂടെ നടത്തിയിട്ടുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാവും ഫോറന്‍സിക് പരിശോധനക്ക് അയക്കുക. ഈ ഘട്ടത്തില്‍ കോടതിയില്‍വച്ച് ഫോണുകള്‍ തുറക്കുകയോ അണ്‍ലോക്ക് പാറ്റേണുകള്‍ പരിശോധിക്കുകയോ ഇല്ലെന്ന നിലപാടിലാണ് കോടതി. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ ഫോണുകള്‍ കോടതിയില്‍വച്ച് തുറന്ന് പരിശോധിക്കണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളി.

നടി ആക്രമിച്ച കേസിലെ അന്വേഷണ സംഘാംഗങ്ങളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ നിന്നും ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് ഫോണിന്റെ പാറ്റേണുകള്‍ ലഭ്യമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പാറ്റേണ്‍ നല്‍കാന്‍ കോടതി പ്രതികള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular