സിനിമ കാണാതെ അഭിപ്രായം പറയുന്നത് ഒരു ട്രെൻഡ് ആയിരിക്കുന്നു; ഹെെക്കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമർശിക്കുന്നവരിൽ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാൻ ഇടയില്ലെന്ന് ഹെെക്കോടതി. സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും സിനിമയ്ക്കെതിരേ നൽകിയ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. 90 ശതമാനം പേരും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നത്. സിനിമ കണ്ടു വിമർശിക്കുന്നതാണെങ്കിൽ മനസ്സിലാക്കാം അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല- കോടതി പറഞ്ഞു.

കോടതി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം ചുരുളിയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സിനിമയുടെ പ്രദർശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണ്. ഒടിടി പ്ലാറ്റോഫോമിനെ പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രമാണെന്നും പോലീസ് സംഘം വിലയിരുത്തി.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞത്.

എന്നാൽ സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം സിനിമ കണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular