ഇന്ത്യയെ 78 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 78 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍. 40.4 ഓവറില്‍ ഇന്ത്യന്‍ പട കൂടാരം കയറിയപ്പോള്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഓവര്‍ടണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തില ഒലെ റോബിന്‍സണും സാം കറനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

105 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. രഹാനെ 54 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. എട്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

കെ.എൽ. രാഹുൽ (0), ചേതേശ്വർ പൂജാര (ഒന്ന്), വിരാട് കോലി (17 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (54 പന്തിൽ 18), ഋഷഭ് പന്ത് (9 പന്തിൽ 2), രോഹിത് ശർമ (105 പന്തിൽ 19), രവീന്ദ്ര ജഡേജ (29 പന്തിൽ 4), മുഹമ്മദ് ഷമി (ഒരു പന്തിൽ 0), ജസ്പ്രീത് ബുമ്ര (ഒരു പന്തിൽ 0), മുഹമ്മദ് സിറാജ് (10 പന്തിൽ 3), ഇഷാന്ത ശർമ (10 പന്തിൽ പുറത്താകാതെ 8) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ജയിംസ് ആൻഡേഴ്സൻ, ക്രെയ്ഗ് ഓവർട്ടൻ എന്നിവർ മൂന്നു വിക്കറ്റ് വീഴ്ത്തി. ഒലി റോബിൻസൻ, സാം കറൻ എന്നിവർ 2 വിക്കറ്റ് വീതവും. അഞ്ചു പേരെ വിക്കറ്റിനു പിന്നിൽ ക്യാച്ചെടുത്തതു ജോസ് ബട്‍ലറാണ്.

ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 25.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒലി റോബിൻസൺ എറിഞ്ഞ 26–ാം ഓവറിലെ അ‍ഞ്ചാം പന്തിൽ അജിൻക്യ രഹാനെ പുറത്തായതോടെ അംപയർമാർ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു. രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ പന്തും പുറത്തായി. കരുതലോടെ കളിച്ച രോഹിത് ക്രെയ്ഗ് ഓവർട്ടനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ റോബിൻസു ക്യാച്ച് നൽകിയാണു പുറത്തായത്. 104 പന്തുകൾ പിടിച്ചുനിന്ന രോഹിത് കൂടി വീണതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. തൊട്ടുത്ത പന്തിൽ ഷമിയെയും ഓവർട്ടൻ വീഴ്ത്തി. അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ ജഡേജയെയും ബുമ്രയെയും വിക്കറ്റിനു മുന്നിൽ കുടുക്കിയ സാം കറന്റെ പ്രകടനം കൂടിയായതോടെ വാലറ്റവും മുട്ടുമടക്കി. സിറാജിന്റെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് ഓവർട്ടൻതന്നെ ഇന്ത്യയുടെ കഥ തീർത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി.

Similar Articles

Comments

Advertismentspot_img

Most Popular