‘നിയമാനുസൃതമായ കൊളള, സംഘടിതമായ കവര്‍ച്ച’ ; ആസ്തി വില്‍പ്പനയ്ക്കെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്. നിയമാനുസൃതവുമായ കൊള്ള, സംഘടിതമായ കവര്‍ച്ച എന്നാണ് പദ്ധതിയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ ‘സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ആദ്യം ഡിമോണിറ്റൈസേഷന്‍ ദുരന്തം, ഇപ്പോള്‍ മോണിറ്റൈസേഷന്‍ മേള. ഇതിനെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പണ്ട് സംഘടിതവും നിയമാനുസൃതവുമായ കൊള്ള എന്ന് വിശേഷിപ്പിച്ചത്’ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു.

രാജ്യം സ്വാശ്രയത്വം നേടുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും കോടീശ്വരന്മാരേയാണ് അവര്‍ ആശ്രയിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധിയും ആരോപിച്ചു.

രാജ്യത്തെ ബിജെപി സര്‍ക്കാര്‍ സ്വത്തുക്കള്‍ കാത്തുസംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വിമര്‍ശിച്ചു. റോഡുകള്‍, റെയില്‍, ഖനികള്‍, ടെലികോം, വൈദ്യുതി, ഗ്യാസ്, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, സ്‌പോര്‍ട്‌സ് സ്റ്റേഡിയം.. എല്ലാം മോദി ജി വില്‍ക്കും. രാജ്യത്തെ സ്വത്തുക്കള്‍ അവര്‍ സംരക്ഷിക്കില്ല. രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular