വിദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ കേന്ദ്രം

ന്യൂഡൽഹി: വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഫൈസർ ഉൾപ്പെടെയുള്ള വിദേശ വാക്സിൻ നിർമാതാക്കൾക്ക് നിയമപരമായ ബാധ്യതകളിൽ നിന്ന് സംരക്ഷണം നൽകാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ വിദേശ വാക്സിൻ നിർമാതാക്കൾക്ക് നിയമപരമായ സംരക്ഷണം നൽകാൻ ഇന്ത്യ തയ്യാറാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ ഏപ്രിലിൽ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളെ വാക്സിൻ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഒരു കമ്പനികളുമായും കേന്ദ്രം ഇതുവരെ കരാറിലെത്തിയിരുന്നില്ല.

വാക്സിൻ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകാമെന്നുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ ഇതുവരെ വാക്സിൻ നൽകിയിട്ടില്ല. ഇന്ത്യയിൽ നിയമ സംരക്ഷണം നൽകുന്നത് സംബന്ധിച്ച് ഒരുകമ്പനിക്കും കേന്ദ്രവും ഉറപ്പ് നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ മനം മാറ്റത്തിന് തയ്യാറാകുന്നതോടെ കൂടുതൽ വിദേശ വാക്സിനുകൾ രാജ്യത്ത് ലഭ്യമാകും.

തുടക്കത്തിൽ വിദേശ വാക്സിൻ സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി കേന്ദ്രം നിരീക്ഷണിക്കും. വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കിയതിന് ശേഷമേ വലിയ തോതിൽ വാക്സിനേഷൻ നൽകുകയുള്ളു. വിദേശ വാക്സിനുകൾ ഒരു ഡോസിന് 730-880 (10-12 ഡോളർ) രൂപയ്ക്കുള്ളിൽ ലഭിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം ഇക്കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയമോ ആരോഗ്യമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓഗസ്റ്റോടെ ഫൈസർ വാക്സിൻ ഇന്ത്യയിൽ ലഭ്യമായേക്കുമെന്നാണ് സൂചന. ഫൈസറിന്റെ അഭ്യർഥനെയെത്തുടർന്ന് വിദേശ വാക്സിനുകൾ പ്രദേശികമായി പരീക്ഷണമെന്ന നിർദേശം കേന്ദ്രം നേരത്തെ പിൻവലിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular