കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമോ? പരിശോധിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് 19നെതിരായി കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നു. അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്.

കോവിഷീല്‍ഡ് വൈറല്‍ വെക്ടര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമായി നിര്‍മിച്ച വാക്‌സിനാണ്. അതുപോലെ നിര്‍മിക്കപ്പെട്ടതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും. മറ്റൊരു വൈറല്‍ വെക്ടര്‍ വാക്‌സിനായ സ്പുട്‌നിക്കും പല സ്ഥലങ്ങളിലും ഒരു ഡോസാണ് നല്‍കിവരുന്നത്. അതുകൊണ്ട് കോവിഷീല്‍ഡ് ഒരു ഡോസ് നല്‍കുന്നത് ഫലപ്രദമാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വാക്‌സിന്‍ ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ഡേറ്റകള്‍ ശേഖരിച്ച് അവ വിശദമായി പഠിച്ചതിന് ശേഷം ഓഗസ്റ്റ്‌ മാസത്തോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് പഠിക്കുന്നതിനായി മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നതായി ഡോ.എന്‍.കെ.അറോറ പറഞ്ഞു. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനുകീഴിലുളള കോവിഡ് പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാനാണ് അറോറ.

‘ഈ പഠനത്തിലൂടെ വാക്‌സിന്‍ ലഭിച്ചതിന് ശേഷം എത്രകാലം രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന കാര്യം വ്യക്തമാകും. വാക്‌സിന്‍ ഡോസുകള്‍ തമ്മിലുളള ഇടവേളകള്‍ വര്‍ധിപ്പിക്കുകയോ, കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടോയെന്നും ഇതിലൂടെ മനസ്സിലാക്കാനായി സാധിക്കും. രണ്ടുമൂന്നുമാസങ്ങള്‍ക്ക് ശേഷം വീണ്ടും ഡേറ്റ അവലോകനം ചെയ്യും. അടുത്ത അവലോകനത്തില്‍ വാക്‌സിന്‍ ഒരു ഡോസ് ഫലപ്രദമാണോയെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം’. അറോറ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular