ബെംഗളൂരു ബലാത്സംഗ കേസിലെ രണ്ടു പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു; കാലിന് വെടിവെച്ചിട്ട് പോലീസ്

ബെംഗളൂരു: ബെംഗളൂരു ബലാത്സംഗ കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ രണ്ടു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കാലിന് വെടിവെച്ചിട്ടു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് രണ്ടു പേർ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതേ തുടർന്നാണ് വെടിവെച്ചതെന്ന് ഈസ്റ്റ് ബെംഗളുരു ഡിസിപി എസ്.ഡി.ശ്രാനപ്പ പറഞ്ഞു.

കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ ക്രൂരമായ മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം ആറു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസം മുമ്പ് ബെംഗളൂരുവിൽ നടന്ന സംഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നീടാണ് ക്രൂരമായ രീതിയിൽ സ്ത്രീ ബലാത്സംഗത്തിനിരയായെന്നും വ്യക്തമായത്.

വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തിൽ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് സൂചന. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് മർദ്ദനമെന്നാണ് പറയപ്പെടുന്നത്.

പീഡനത്തിനിരയായ സ്ത്രീ ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അവർ എത്തിക്കഴിഞ്ഞാൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴിരേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള സ്ത്രീയാണിതെന്നാണ് ആദ്യം കരുതിയിരുന്നത്.

തുടർന്ന് വീഡിയോയിൽ കാണുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അസം പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular