ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമെന്ന് മുന്നറിയിപ്പ്‌

കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയുണർത്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ, കൂടുതൽ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളിൽ കണ്ടെത്തി. ബിഹാറിലെ പട്നയിലാണ് ഒരു ഡോക്ടറുൾപ്പെടെ നാല് പേർക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളിൽ രോഗം ബാധിക്കുന്നതിനാൽ ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളിൽ നടത്തിയ എച്ച്ആർസിടി(High-resolution computed tomography)പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്താൻ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്കാനാണ് എച്ച്ആർസിടി.

വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികൾ കോവിഡ്-19 ന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെങ്കിലും കോവിഡ് പരിശോധനയിൽ നാല് പേരും നെഗറ്റീവ് ആയിരുന്നതായി പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. എസ്.എൻ. സിങ് പറഞ്ഞു. രോഗികളുടെ ശ്വാസകോശങ്ങൾക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിർണയത്തിന് ശേഷം ആന്റി ഫംഗൽ മരുന്നുകൾ നൽകിയതോടെ രോഗം ഭേദമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരിൽ വൈറ്റ് ഫംഗസ് ബാധ കൂടുതൽ അപകടകരമായേക്കുമെന്ന് ഡോ. എസ്.എൻ. സിങ് പറഞ്ഞു. ദീർഘകാലമായി സ്റ്റിറോയ്ഡുകൾ കഴിക്കുന്ന പ്രമേഹരോഗികൾക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൃത്രിമമായി ഓക്സിജൻ സഹായം ലഭ്യമാക്കുന്ന കോവിഡ് രോഗികളിൽ വൈറ്റ് ഫംഗസ് രോഗം ബാധിക്കാമെന്ന് ഡോ. സിങ് പറയുന്നു.

അർബുദരോഗികളിലും പൂപ്പൽ ബാധക്കുള്ള സാധ്യതയേറെയാണ്. സ്ത്രീകളിലും കുട്ടികളിലും വൈറ്റ് ഫംഗസ് രോഗബാധയുണ്ടാകുന്നതായും ഇതാണ് വെള്ളപോക്ക് അഥവാ ല്യുക്കോറിയയുടെ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്സിജൻ സംവിധാനവും വെന്റിലേറ്ററും ശരിയായ രീതിയിൽ അണുവിമുക്തമാക്കുന്നത് വൈറ്റ് ഫംഗസ് രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് ഡോ. സിങ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular